ഗണേശോത്സവം : കളിമൺ വിഗ്രഹങ്ങൾ നിർമിക്കാൻ മലിനീകരണ നിയന്ത്രണബോർഡ്


ബെംഗളൂരു : ഗണേശോത്സവത്തിനോടനുബന്ധിച്ച് കർണാടക മലിനീകരണ നിയന്ത്രണ ബോർഡ് ( കെ.എസ്.പി.സി.ബി.) 10,000 കളിമൺ ഗണേശവിഗ്രഹങ്ങൾ നിർമിക്കും. പരിസ്ഥിതി സൗഹൃദ ആഘോഷങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് മലിനീകരണ നിയന്ത്രണബോർഡിന്റെ പദ്ധതി.

ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന ‘ഗണേശോത്സവ ഓർഗനൈസേഷ’ നുമായി സഹകരിച്ചാണ് വിഗ്രഹങ്ങൾ നിർമിക്കുന്നത്. കളിമൺ വിഗ്രഹങ്ങൾ കൂടാതെ വിത്തുകളും ധാന്യങ്ങളും ഉപയോഗിച്ചും വിഗ്രഹങ്ങൾ നിർമിക്കും. ഇവ പൊതുജനങ്ങൾക്ക് വിതരണം ചെയ്യുമെന്ന് കെ.എസ്.പി.സി.ബി. ചെയർമാൻ ശാന്ത് എ. തിമ്മയ്യ പറഞ്ഞു.

കഴിഞ്ഞ രണ്ടുവർഷങ്ങളായി കോവിഡ് വ്യാപന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളാണ് ഗണേശോത്സവത്തിന് സംസ്ഥാനത്ത് ഏർപ്പെടുത്തിയത്. നഗരത്തിൽ ഒാരോ വാർഡിലും ഒരോ വിഗ്രഹം വീതവും ഗ്രാമപ്രദേശങ്ങളിൽ പഞ്ചായത്തുതലത്തിൽ ഒരോ വിഗ്രഹം വീതവുമാണ് സ്ഥാപിക്കാൻ അനുമതിയുണ്ടായിരുന്നത്.

ഇതോടെ വിഗ്രഹങ്ങൾ ജലാശയങ്ങളിൽ നിമജ്ജനം ചെയ്യുന്നതുകൊണ്ടുള്ള മലിനീകരണം ഒഴിവാക്കാൻ കഴിഞ്ഞിരുന്നു.

എന്നാൽ ഈ വർഷം ഇത്തരം നിയന്ത്രണങ്ങൾ സർക്കാർ പൂർണമായും പിൻവലിച്ചത് കെ.എസ്. പി.സി.ബി.യെ ആശങ്കയിലാക്കുന്നുണ്ട്.

ബെംഗളൂരു ഉൾപ്പെടെയുള്ള നഗരങ്ങളിൽ തെരുവുകൾ തോറും വിഗ്രഹങ്ങൾ സ്ഥാപിക്കുകയും ഇവ തടാകങ്ങളിൽ നിമജ്ജനം ചെയ്യുകയുമാണ് പതിവ്. പ്ലാസ്റ്റർ ഓഫ് പാരീസ് കൊണ്ടുള്ള വിഗ്രഹങ്ങൾക്ക് നിരോധനമുണ്ടെങ്കിലും വിവിധയിടങ്ങളിൽ ഇവ ഇപ്പോഴും ലഭ്യമാണ്. ഇത്തരം വിഗ്രഹങ്ങൾ തടാകങ്ങളിൽ നിമജ്ജനം ചെയ്യുന്നത് വലിയ പരിസ്ഥിതി പ്രശ്നമാണ് സൃഷ്ടിക്കുന്നത്.

പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന തരത്തിലുള്ള വിഗ്രഹങ്ങൾ ഉപയോഗിക്കുന്നതിനെതിരേ മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനും കെ. എസ്.പി.സി.ബി. പദ്ധതി തയ്യാറാക്കി വരികയാണ്. സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചും പ്രചാരണം നടത്തും. ഓഗസ്റ്റ് 31-നാണ് ഈ വർഷത്തെ ഗണേശോത്സവം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..