മനേക്ഷാ പരേഡ് മൈതാനത്ത് സുരക്ഷയ്ക്ക് 1,700 പോലീസുകാർ


8,000 പേർക്ക് ക്ഷണം രാവിലെ ഒമ്പതിന് മുഖ്യമന്ത്രി പതാക ഉയർത്തും

Caption

ബെംഗളൂരു : രണ്ടുവർഷത്തിനുശേഷം സർക്കാരിന്റെ ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷം വിപുലമായി നടക്കും. മനേക്‌ഷാ പരേഡ് മൈതാനത്ത് രാവിലെ ഒമ്പതിന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പതാക ഉയർത്തും. തുടർന്ന് നടക്കുന്ന വിദ്യാർഥികളുടെയും വിവിധ സേനകളുടെയും പരേഡ് രാവിലെ 11.20-ന് സമാപിക്കും. ഇത്തവണ 8,000 ആളുകൾക്ക് ചടങ്ങിൽ പ്രവേശനമുണ്ടാകുമെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണർ പ്രതാപ് റെഡ്ഡിയും ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.) ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥും സംയുക്ത പത്രസമ്മേളനത്തിൽ അറിയിച്ചു.

പരേഡിലും സാംസ്കാരികപരിപാടിയിലും 2,400 കുട്ടികൾ പങ്കെടുക്കും. കെ.എസ്.ആർ.പി., സി.ആർ.പി.എഫ്., ബി.എസ്.എഫ്. സി.എ.ആർ., വിമൻ റിസർവ് പോലീസ്, ട്രാഫിക് പോലീസ്, ഹോം ഗാർഡ് എന്നിവയിൽ നിന്ന് 1,200 അംഗങ്ങൾ പരേഡിൽ പങ്കെടുക്കും. പരേഡ് കാണാനെത്തുന്ന പൊതുജനങ്ങൾക്ക് ഫോൺമാത്രമേ കൊണ്ടുവരാൻ സാധിക്കൂവെന്നും സ്ത്രീകൾക്ക് ഹാൻഡ് ബാഗ് ഉപയോഗിക്കാമെന്നും പ്രതാപ് റെഡ്ഡി അറിയിച്ചു.

സുരക്ഷയ്ക്കായി ഒമ്പത് ഡി.സി.പി.മാർ, 15 എ.സി.പി.മാർ എന്നിവരുൾപ്പെടെ 1,700 പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. ഇത്തവണ സ്വാതന്ത്ര്യദിനാഘോഷ പരിപാടിക്കായി 8,000 ക്ഷണക്കത്തുകളാണ് ബി.ബി.എം.പി. തയ്യാറാക്കിയത്. ഇതിൽ ഏഴായിരത്തോളം കത്തുകൾ ശനിയാഴ്ചവരെ കൈമാറി.

ഗതാഗതനിയന്ത്രണം

സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പരേഡ് മൈതാനത്തിന് സമീപത്തെ റോഡുകളിൽ പാർക്കിങ്ങിന് നിയന്ത്രണം ഏർപ്പെടുത്തി. സെൻട്രൽ സ്ട്രീറ്റ്, അനിൽ കുംബ്ലെ സർക്കിൾ, കബൺ റോഡ്, ശിവാജിനഗർ ബസ്‌സ്റ്റാൻഡ് റോഡ്, എം.ജി. റോഡ്, ക്വീൻസ് റോഡ് എന്നിവിടങ്ങളിൽ പാർക്കിങ് അനുവദിക്കില്ല.

രാവിലെ എട്ടിനും 11-നും ഇടയിൽ കബൺ ജങ്ഷൻ, ബി.ആർ.വി. ജങ്ഷൻ, കാമരാജ ജങ്ഷൻ എന്നീ ഭാഗങ്ങളിൽ വാഹനഗതാഗതം നിരോധിച്ചു.

ഈദ്ഗാഹ് മൈതാനത്ത് സുരക്ഷ ശക്തം

ചാമരാജ്‌പേട്ട് ഈദ്ഗാഹ് മൈതാനത്ത് റവന്യു വകുപ്പ് ദേശീയപതാക ഉയർത്തുമെന്നും പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും സിറ്റി പോലീസ് കമ്മിഷണർ അറിയിച്ചു. ആവശ്യമെങ്കിൽ കൂടുതൽ പോലീസ് സേനയെ നിയോഗിക്കും. ചാമരാജ്‌പേട്ടിൽ പോലീസ് റൂട്ട് മാർച്ച് നടത്തി. മുതിർന്ന ഉദ്യോഗസ്ഥരായ ബെംഗളൂരു വെസ്റ്റ് എ.സി.പി. സന്ദീപ് പാട്ടീൽ, ഡി.സി.പി. ലക്ഷ്മൺ ബി. നിംബാർഗി തുടങ്ങിയവർ മാർച്ചിൽ പങ്കെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..