ബെംഗളൂരു : മലയാളം മിഷന്റെ മാതൃഭാഷാപുരസ്കാരങ്ങളുടെ നിറവിൽ കർണാടക ചാപ്റ്റർ. മികച്ച ഭാഷാപ്രവർത്തകർക്ക് നൽകുന്ന ഭാഷാ മയൂരം പുരസ്കാരത്തിന് ചാപ്റ്റർ പ്രസിഡന്റ് കെ. ദാമോദരനും മികച്ച അധ്യാപകർക്കുള്ള പുരസ്കാരമായ ‘മലയാളം മിഷൻ ബോധി’ പ്രത്യേക ജൂറി പരാമർശം മീരാ നാരായണനും ലഭിച്ചു.
ഭാഷയെ സാങ്കേതികവിദ്യാസൗഹൃദമാക്കുന്നതിന് പങ്കുവഹിച്ചവർക്ക് നൽകുന്ന ഭാഷാപ്രതിഭാ പുരസ്കാരം കർണാടക ചാപ്റ്റർ നാമനിർദേശം ചെയ്ത ‘ഇൻഡിക് ഡിജിറ്റൽ ആർക്കൈവി’നാണ് ലഭിച്ചത്. ഷിജു അലക്സ്, ജിസോ ജോസ്, കൈലാഷ് നാഥ് എന്നിവരാണ് ഇൻഡിക് ഡിജിറ്റൽ ആർക്കൈവ്‌സിന്റെ അമരക്കാർ.
കണ്ണൂർ ചെറുകുന്ന് സ്വദേശിയായ കെ. ദാമോദരൻ 2012 മുതൽ മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെ ഭാരവാഹിയാണ്. ബെംഗളൂരു കേരളസമാജം കൈരളി കലാസമിതി തുടങ്ങിയ സാസ്കാരിക സംഘടനകളിലും പ്രവർത്തിച്ചിരുന്നു. കാസർകോട് നീലേശ്വരം സ്വദേശിയായ മീരാ നാരായണൻ 2016 മുതൽ മലയാളം മിഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുമായി സജീവമാണ്. 25,000 രൂപയും പ്രശസ്തിപത്രം ആലേഖനം ചെയ്ത ഫലകവുമടങ്ങുന്നതാണ് ഭാഷാ മയൂരം പുരസ്കാരം. 10,000 രൂപയും പ്രശസ്തിപത്രം ആലേഖനംചെയ്ത ഫലകവുമാണ് ബോധി ജൂറി പരാമർശത്തിനുള്ള പുരസ്കാരം.
കെ. ജയകുമാർ, ഡോ. പി.കെ. രാജശേഖരൻ, ഡോ. സി. രാമകൃഷ്ണൻ, മുരുകൻ കാട്ടാക്കട എന്നിവർ അംഗങ്ങളായ ജൂറിയാണ് പുരസ്കാരനിർണയം നടത്തിയത്. 21-ന് കോവളം ക്രാഫ്റ്റ് വില്ലേജിൽ നടക്കുന്ന ലോക മാതൃഭാഷാ ദിനാചരണ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരവിതരണം നിർവഹിക്കും.
നിലവിൽ കർണാടക ചാപ്റ്ററിന് ആറുമേഖലകളിലായി 170 പഠനകേന്ദ്രങ്ങളാണുള്ളത്. 4446 വിദ്യാർഥികളാണ് ഇൗ കേന്ദ്രങ്ങളിലായി ഭാഷാപഠനം നടത്തുന്നു.
യുവതലമുറയെ ഭാഷയുമായി അടുപ്പിക്കുന്നതിന് നിരവധി പ്രവർത്തനങ്ങളാണ് കർണാടകമിഷൻ മലയാളം ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടന്നുവരുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..