മൈസൂരു : വിവാദസിനിമ ‘ദ കേരള സ്റ്റോറി’ കാണാനാവശ്യപ്പെട്ട് സ്ഥാപിച്ച ഫ്ളെക്സ് പരാതിയുയർന്നതിനെത്തുടർന്ന് നീക്കംചെയ്തു. മൈസൂരു നഗരത്തിലെ ചാമുണ്ഡിപുരത്താണ് അജ്ഞാതർ ഫ്ളെക്സ് സ്ഥാപിച്ചത്.
‘പ്രിയപ്പെട്ട വിശ്വാസികളേ, നിങ്ങളുടെ മക്കളെ ക്ഷേത്രങ്ങളിലേക്ക് കൊണ്ടുപോകുന്നതിനൊപ്പം കേരള സ്റ്റോറി എന്ന സിനിമ കാണാനുംകൂടി കൊണ്ടുപോകൂ.
ആദ്യത്തേത് സംസ്കാരത്തെ സംരക്ഷിക്കും. രണ്ടാമത്തേത് നിങ്ങളുടെ പെൺകുട്ടികളുടെ ജീവിതത്തെ സംരക്ഷിക്കും’ -എന്നാണ് കന്നഡയിലുള്ള ഫ്ളെക്സിൽ എഴുതിയിരുന്നത്. ഫ്ളെക്സിനെക്കുറിച്ച് പൊതുജനങ്ങളിൽനിന്ന് പരാതിയുയർന്നതിനെത്തുടർന്ന് കോർപ്പറേഷൻ അധികൃതരെത്തി നീക്കംചെയ്തു. അതേസമയം, ഫ്ളെക്സ് നീക്കംചെയ്തതിൽ പ്രദേശത്തെ കോർപ്പറേറ്റർ എം.വി. രാമപ്രസാദ് എതിർപ്പുപ്രകടിപ്പിച്ചു. ഇതേക്കുറിച്ച് മുൻകൂട്ടി അറിവുണ്ടായിരുന്നെങ്കിൽ ഫ്ളെക്സ് നീക്കംചെയ്യാൻ അനുവദിക്കില്ലായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
കേരള സ്റ്റോറി കാണാൻ കോളേജ് വിദ്യാർഥിനികൾക്ക് സൗജന്യമായി ടിക്കറ്റ് നൽകുമെന്ന് വിശ്വഹിന്ദുപരിഷത്ത് മൈസൂരു ഘടകം മുമ്പ് അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കേരള സ്റ്റോറി കാണാനാവശ്യപ്പെട്ട് ഫ്ളെക്സും സ്ഥാപിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..