ബെംഗളൂരു : അടുത്തവർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കർണാടകത്തിൽനിന്ന് 20 സീറ്റുകൾ ലക്ഷ്യമിട്ട് താഴേത്തട്ടിലിറങ്ങി പ്രവർത്തിക്കാൻ മന്ത്രിമാർക്ക് നിർദേശം നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യ. 20 സീറ്റുകളിലെ വിജയം പാർട്ടി ഹൈക്കമാൻഡിനുളള സമ്മാനമാണെന്നും പറഞ്ഞു.
ജനങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ച് ജനങ്ങൾക്കുവേണ്ടിയുള്ള ഭരണം കാഴ്ചവെക്കാൻ ഉത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ജനങ്ങളുടെ പ്രശ്നങ്ങൾക്ക് ചെവികൊടുക്കണം. മന്ത്രിമാർ അവരവരുടെ ജില്ലകളിലൂടെ നിരന്തരം യാത്രചെയ്യണം.
ജനങ്ങളുടെ പ്രശ്നങ്ങൾ ജില്ലാതലത്തിലും താലൂക്കുതലത്തിലും പരിഹരിക്കണം. അവരുടെ ആവശ്യങ്ങൾ സാധിക്കാൻ വിധാൻസൗധയിലെത്തണമെന്ന സ്ഥിതിയുണ്ടാകരുത്. തിരഞ്ഞെടുപ്പിൽ മുന്നോട്ടുവെച്ച വാഗ്ദാനങ്ങൾ ജനങ്ങളിലെത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഉദ്യോഗസ്ഥരെ ജാഗ്രതയോടെ നിരീക്ഷിക്കണമെന്നും അഴിമതിക്കെതിരേ പോരാടണമെന്നും നിർദേശിച്ചു.
2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ആകെയുള്ള 28 ലോക്‌സഭാ സീറ്റുകളിൽ ഒരെണ്ണത്തിൽ മാത്രമാണ് കോൺഗ്രസിന് വിജയിക്കാനായത്.
ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി നേടിയ തിളക്കമാർന്ന വിജയം വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ആവർത്തിക്കാനാകുമെന്നാണ് നേതാക്കളുടെ കണക്കുകൂട്ടൽ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..