ബെംഗളൂരു : കോൺഗ്രസിന്റെ അഞ്ചിനതിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾപാലിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ഉത്തരവാദിത്തമുള്ള സർക്കാരാണ് ഇപ്പോഴുള്ളതെന്നും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കാൻ ആദ്യ മന്ത്രിസഭായോഗത്തിൽത്തന്നെ തീരുമാനമായതാണെന്നും ഡി.കെ. ശിവകുമാർ പറഞ്ഞു. ബെംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൂൺ ഒന്നിനുചേരുന്ന മന്ത്രിസഭായോഗത്തിൽ പദ്ധതികൾസംബന്ധിച്ച് വിശദമായ ചർച്ചനടത്തുമെന്നും ശിവകുമാർ വ്യക്തമാക്കി.
അതേസമയം, പദ്ധതികൾനടപ്പാക്കുമെന്നും എന്നാൽ ചില നിബന്ധനകളുണ്ടാകുമെന്നും കെ.പി.സി.സി. വർക്കിങ് പ്രസിഡന്റും മന്ത്രിയുമായ സതീഷ് ജാർക്കിഹോളി പറഞ്ഞു. ചില പദ്ധതികളുടെനേട്ടം എല്ലാവർക്കും ലഭ്യമാകും. മറ്റുചില പദ്ധതികളുടെനേട്ടം അർഹതപ്പെട്ടവർക്ക് മാത്രമാകും ലഭിക്കുക. അടുത്ത മന്ത്രിസഭായോഗത്തിൽ ഇതുസംബന്ധിച്ച ധാരണയുണ്ടാകും.-സതീഷ് ജാർക്കിഹോളി പറഞ്ഞു.
തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കുന്നത് വൈകുന്നതിൽ സർക്കാരിനെതിരേ വ്യാപകവിമർശനങ്ങളാണ് ഉയരുന്നത്. മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, ജെ.ഡി.എസ്. നേതാവ് എച്ച്.ഡി. കുമാരസ്വാമി തുടങ്ങിയവർ കോൺഗ്രസിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കാതെ ജനങ്ങളെ കബളിപ്പിക്കുകയാണ് കോൺഗ്രസ് സർക്കാരെന്ന് ബസവരാജ് ബൊമ്മെ വിമർശിച്ചു. പദ്ധതി പ്രഖ്യാപിക്കുന്നത് വൈകിയാൽ വൈദ്യുതി ബില്ലടയ്ക്കേണ്ടെന്നും ബസിൽ യാത്രചെയ്യുന്ന സ്ത്രീകൾ പണംനൽകേണ്ടെന്നും ആഹ്വാനം ചെയ്യുമെന്നായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം. സൗജന്യവൈദ്യുതിയും സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയും കോൺഗ്രസിന്റെ അഞ്ചിനവാഗ്ദാനങ്ങളിൽ ഉൾപ്പെടുന്നതാണ്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..