മൈസൂരുവിലെ നർസിപുരിൽ അപകടത്തിൽപ്പെട്ട കാർ
മൈസൂരു : വിനോദസഞ്ചാരികളുടെ കാർ സ്വകാര്യബസുമായി കൂട്ടിയിടിച്ച് മൂന്നുകുട്ടികളടക്കം 10 പേർ മരിച്ചു. മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. മൈസൂരുവിലെ ടി. നർസിപുർ താലൂക്കിലെ കുരുബുറു ഗ്രാമത്തിൽ തിങ്കളാഴ്ച ഉച്ചയ്ക്കുശേഷമാണ് അപകടം.
ബല്ലാരിയിലെ സങ്കനകല്ലു സ്വദേശികളായ വിനോദസഞ്ചാരികളാണ് മരിച്ചത്. മഞ്ജുനാഥ് (35), പൂർണിമ (30), പവൻ (10), കാർത്തിക് (എട്ട്), സന്ദീപ് (24), സുജാത (40), കോടേഷ് (45), ഗായത്രി (35), ശ്രവ്യ (മൂന്ന്), കാർ ഡ്രൈവർ ആദിത്യ (26) എന്നിവരാണ് മരിച്ചത്.
ജനാർദനൻ (45), ശശികുമാർ (24), പുനീത് (നാല്) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മൈസൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാമരാജനഗറിലെ മലൈ മഹാദേശ്വരമല സന്ദർശിച്ചശേഷം മൈസൂരുവിലേക്ക് വരവേയാണ് അപകടം. ഇവർ സഞ്ചരിച്ച ടാക്സി കാർ കൊല്ലേഗൽ-നർസിപുര റോഡിൽ എതിരേവന്ന സ്വകാര്യബസുമായി കൂട്ടിയിടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകർന്നു. തകർന്ന കാറിൽനിന്ന് മൃതദേഹങ്ങൾ പുറത്തെടുക്കാൻ രക്ഷാപ്രവർത്തനത്തിനെത്തിയ നാട്ടുകാർക്ക് കഴിഞ്ഞില്ല. ഇതേത്തുടർന്ന് അഗ്നിരക്ഷാസേനയെത്തി വാഹനം മുറിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. 13 പേരാണ് കാറിലുണ്ടായിരുന്നത്. വൈകീട്ട് അഞ്ചിനുള്ള തീവണ്ടിയിൽ ബല്ലാരിയിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു ഇവർ.
മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം രൂപവീതം മുഖ്യമന്ത്രി സിദ്ധരാമയ്യ സാമ്പത്തികസഹായം പ്രഖ്യാപിച്ചു. അന്വേഷണം നടത്താൻ മൈസൂരു ഡെപ്യൂട്ടി കമ്മിഷണർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
മൈസൂരു ജില്ലാ പോലീസ് മേധാവി സീമ ലത്കർ സംഭവസ്ഥലം സന്ദർശിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..