Caption
ബെംഗളൂരു : ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷംപെയ്ത കനത്തവേനൽ മഴയെത്തുടർന്ന് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെട്ടത് വൻ ഗതാഗതക്കുരുക്ക്. സദാശിവനഗർ, ബൊമ്മനഹള്ളി, ആർ.ടി. നഗർ, മൈസൂരു റോഡ് തുടങ്ങിയ പ്രദേശങ്ങളിൽ റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.
കമലനഗറിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മരം കടപുഴകി വീണു. യാത്രക്കാരനും ഡ്രൈവറും അദ്ഭുതകരമായി രക്ഷപ്പെട്ടു. സദാശിവനഗറിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് മുകളിൽ മരക്കൊമ്പ് ഒടിഞ്ഞുവീണതിനെത്തുടർന്ന് നാശനഷ്ടങ്ങളുണ്ടായി.
ബൊമ്മനഹള്ളി, ആർ.ടി. നഗർ തുടങ്ങിയ പ്രദേശങ്ങളിൽ വൈദ്യുതത്തൂണുകൾക്ക് തകരാറുണ്ടായതോടെ മണിക്കൂറുകളോളം വൈദ്യുതിബന്ധവും നിലച്ചു.
ശിവാനന്ദ സർക്കിൾ അടിപ്പാത, ലിംഗരാജപുരം അടിപ്പാത, സാങ്കിറോഡ് അടിപ്പാത എന്നിവിടങ്ങളിൽ വെള്ളംകയറി. വെള്ളം കയറിയതോടെ നഗരത്തിലെ അടിപ്പാതകളിലേക്കുള്ള പ്രവേശനം ബാരിക്കേഡുകൾ ഉപയോഗിച്ച് ട്രാഫിക് പോലീസ് തടഞ്ഞു.
എന്നാൽ ലിംഗരാജപുരത്ത് ഓട്ടോറിക്ഷകൾ ഉൾപ്പെടെ ഏതാനും വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങി. ഇവയെ പ്രദേശവാസികളും യാത്രക്കാരും ചേർന്ന് തള്ളിയാണ് സുരക്ഷിതസ്ഥാനങ്ങളിലെത്തിച്ചത്.
കഴിഞ്ഞ 21-ന് അടിപ്പാതയിലെ വെള്ളക്കെട്ടിൽ കാർ മുങ്ങി യുവതിമരിച്ച സംഭവത്തിനുശേഷം മഴതുടങ്ങിയാൽ അടിപ്പാതകൾ അടയ്ക്കണമെന്ന് ട്രാഫിക് പോലീസിന് ബി.ബി.എം.പി. നിർദേശം നൽകിയിരുന്നു.
കുടക്, മൈസൂരു, ഉഡുപ്പി, കലബുറഗി, ശിവമോഗ, ചിത്രദുർഗ, ഹാസൻ, ചാമരാജ്‌നഗർ, ചിക്കമഗളൂരു, ദക്ഷിണ കന്നഡ ജില്ലകളിലും ശക്തമായ മഴയാണ് ലഭിച്ചത്. ഈ ജില്ലകളിൽ ചൊവ്വാഴ്ച കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മഞ്ഞ മുന്നറിയിപ്പ് നൽകിയിരുന്നു.
ജാഗ്രതപാലിക്കാൻ നിർദേശിച്ച് ശിവകുമാർ
ബെംഗളൂരു : നഗരത്തിൽ ശക്തമായ മഴപെയ്യുന്ന സാഹചര്യത്തിൽ ബി.ബി.എം.പി. ഉദ്യോഗസ്ഥരോട് അതിജാഗ്രത പാലിക്കാൻ നിർദേശിച്ച് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ.
കമ്മിഷണർമാരോടും ജോയന്റ് കമ്മിഷണർമാരോടും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡി.കെ. ശിവകുമാർ ട്വിറ്ററിലൂടെ അറിയിച്ചു.
പൊതുജനങ്ങൾ സുരക്ഷാനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..