ബെംഗളൂരു : സിദ്ധരാമയ്യക്കെതിരേ പ്രസംഗിച്ചതിന് മുൻ ഉന്നതവിദ്യാഭ്യാസ മന്ത്രിയും ബി.ജെ.പി. എം.എൽ.എ.യുമായ സി.എൻ. അശ്വത് നാരായണിനെതിരേ പോലീസ് രജിസ്റ്റർചെയ്ത കേസിലെ നടപടികൾ നാലാഴ്ചത്തേക്ക് ഹൈക്കോടതി തടഞ്ഞു.
കേസ് തള്ളണമെന്നാവശ്യപ്പെട്ട് അശ്വത് നാരായൺ നൽകിയ ഹർജിയിൽ ജസ്റ്റിസ് എം. നാഗപ്രസന്നയുടേതാണ് ഉത്തരവ്.
തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ അശ്വത് നാരായൺ നടത്തിയ പ്രസംഗത്തിലെ പരാമർശത്തിനെതിരേ കോൺഗ്രസ് പ്രവർത്തകനായ എം. ലക്ഷ്മണ നൽകിയ പരാതിയിൽ മാണ്ഡ്യ പോലീസാണ് കേസെടുത്തത്.
ടിപ്പു സുൽത്താനെപ്പോലെ സിദ്ധരാമയ്യയെയും തീർത്തുകളയണമെന്നായിരുന്നു വിവാദപരാമർശം. തിരഞ്ഞെടുപ്പിൽ സിദ്ധരാമയ്യയെ പരാജയപ്പെടുത്തുകയെന്ന അർഥത്തിലാണ് താൻ അങ്ങനെ പറഞ്ഞതെന്ന് പിന്നീട് അശ്വത് നാരായൺ വിശദീകരിച്ചിരുന്നു.
കലാപമുണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ പ്രകോപനപരമായ പരാമർശം നടത്തിയെന്ന വകുപ്പുൾപ്പെടെ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രഥമദൃഷ്ട്യാ ഈ വകുപ്പ് നിലനിൽക്കില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. അശ്വത് നാരായണിന്റെ പരാതിയിൽ പ്രതികരണം സമർപ്പിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..