ട്രാഫിക് പോലീസ് സജ്ജീകരിച്ച ടൂൾ കിറ്റുകളിലൊന്ന്
ബെംഗളൂരു : മഴയിൽ റോഡിലേക്കും വീടുകളിലേക്കും മരങ്ങൾ വീണ് വലയുമ്പോൾ ഇനി സഹായിക്കാൻ ട്രാഫിക് പോലീസെത്തും. കത്തി, കൈക്കോട്ട്, കയർ, ചുറ്റിക, ബക്കറ്റ്, മരങ്ങൾ മുറിച്ചുമാറ്റുന്ന യന്ത്രം ഉൾപ്പെടെയുള്ള ‘ടൂൾ കിറ്റു’മായാണ് ട്രാഫിക് പോലീസ് സഹായത്തിനെത്തുക. മഴ തുടങ്ങുമ്പോൾ ഇത്തരം ടൂൾ കിറ്റുമായി പട്രോളിങ്ങ് നടത്താനാണ് ലക്ഷ്യമിടുന്നത്. സിറ്റി ട്രാഫിക് പോലീസ് കമ്മിഷണർ എം.എ. സലിമിന്റെ നിർദേശത്തെത്തുടർന്നാണിത്. റോഡിൽ മരങ്ങൾവീഴുമ്പോൾ ഗതാഗതക്കുരുക്കുണ്ടാകാതെ ഇവ മുറിച്ചുനീക്കാൻ പുതിയ സംവിധാനത്തിലൂടെ കഴിയും.
നിലവിൽ റോഡിലേക്ക് വീഴുന്ന മരങ്ങൾ മുറിച്ചുമാറ്റുന്നത് ബി.ബി.എം.പി. ജീവനക്കാരാണ്. എന്നാൽ വ്യാപകമായി കാറ്റും മഴയുമുണ്ടാകുമ്പോൾ എല്ലായിടങ്ങളിലേക്കും ഓടിയെത്താൻ ബി.ബി.എം.പി. ജീവനക്കാർക്ക് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. ജീവനക്കാരെത്തി മരംമുറിച്ചുനീക്കാൻ വൈകിയതിനെത്തുടർന്ന് കഴിഞ്ഞദിവസങ്ങളിൽ പലയിടങ്ങളിലും വ്യാപകമായതോതിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. ട്രാഫിക് പോലീസും മരങ്ങൾ മുറിച്ചുമാറ്റാനെത്തുന്നതോടെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമാകും.
കെ.ആർ. സർക്കിളിലെ അടിപ്പാതയിലുണ്ടായ വെള്ളക്കെട്ടിൽ കാർ മുങ്ങി യുവതി മരിച്ച സംഭവത്തിനുശേഷം ട്രാഫിക് പോലീസിനും ബി.ബി.എം.പി.ക്കുമെതിരേ വ്യാപക വിമർശനങ്ങളാണ് വിവിധകോണുകളിൽനിന്നുയർന്നത്. മഴപെയ്യുമ്പോഴുണ്ടാകുന്ന അപകടങ്ങളും ഗതാഗതക്കുരുക്കും ആവർത്തിക്കാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കഴിഞ്ഞദിവസം നിർദേശം നൽകിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..