മൈസൂരു : ‘പ്രത്യേക അറിയിപ്പ്; എന്നെ കാണാനെത്തുന്ന ആളുകൾ ബൊക്കെ, പൂമാല, സമ്മാനം എന്നിവ കൊണ്ടുവരേണ്ടതില്ല’ -പുതിയ ഗുണ്ടൽപേട്ട് എം.എൽ.എ.യായ എച്ച്.എം. ഗണേഷ് പ്രസാദിന്റെ മൈസൂരുവിലെ കൂവെംപുനഗറിലെ വീടിനുമുന്നിലാണ് കന്നഡയിലുള്ള ഈ ബോർഡ്.
വിവിധ ആവശ്യങ്ങളുമായി തന്നെ കാണാനെത്തുന്ന ജനങ്ങൾക്കുള്ള നിർദേശമായാണ് ഗണേഷ് പ്രസാദ് ഈ ബോർഡ് സ്ഥാപിച്ചത്.
മുൻമന്ത്രിയായ അന്തരിച്ച എച്ച്.എസ്. മഹാദേവപ്രസാദിന്റെയും മുൻ എം.എൽ.എ. ഗീത മഹാദേവപ്രസാദിന്റെയും മകനാണ് കോൺഗ്രസ് എം.എൽ.എ.യായ ഗണേഷ്. പുസ്തകങ്ങളല്ലാതെ സമ്മാനങ്ങളും മറ്റും തനിക്ക് നൽകരുതെന്ന് രണ്ടാമത് മുഖ്യമന്ത്രിയായതിനു പിന്നാലെ സിദ്ധരാമയ്യ പുറപ്പെടുവിച്ച നിർദേശമാണ് ഗണേഷിന്റെ ഈ നടപടിക്കുപിന്നിൽ.
സിദ്ധരാമയ്യയിൽനിന്നുള്ള പ്രചോദനത്താൽ ഗണേഷും ഭാര്യ വിദ്യയും ചേർന്ന് കൂവെംപുനഗറിലെ ഗഗനചുമ്പി ഡബിൾ റോഡിലെ നാലാം ക്രോസിലുള്ള ‘ദേവ ഗീത’ എന്ന തങ്ങളുടെ വീടിനുമുമ്പിൽ ബോർഡ് സ്ഥാപിക്കുകയായിരുന്നു.
തന്റെ വിജയത്തിനുപിന്നാലെ സമ്മാനങ്ങളും പൂമാലകളുമായി ഒട്ടേറെപ്പേർ കാണാനെത്തുന്നുവെന്നും ഇതേത്തുടർന്ന് അമിതമായ പണച്ചെലവ് ഒഴിവാക്കാൻ ബോർഡ് സ്ഥാപിക്കുകയായിരുന്നെന്നും ഗണേഷ് പറഞ്ഞു.
ബി.ജെ.പി.യുടെ സിറ്റിങ് എം.എൽ.എ.യായിരുന്ന സി.എസ്. നിരഞ്ജൻ കുമാറിനെ 36,675 വോട്ടിന്റെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയാണ് ഗണേഷ് തിരഞ്ഞെടുക്കപ്പെട്ടത്. .
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..