ലോകായുക്ത റെയിഡിനിടെ ബെസ്‌കോം ടെക്‌നിക്കൽ ഡയറക്ടർ എച്ച്.ജെ. ജമേഷിന്റെ വീട്ടിൽനിന്ന് കണ്ടെത്തിയ ആഭരണങ്ങൾ
ബെംഗളൂരു : കർണാടകത്തിലെ സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിലും ഓഫീസുകളിലും ലോകായുക്ത റെയ്ഡ് നടത്തി. 11 ജില്ലകളിലായി 15 ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട 57 ഇടങ്ങളിലാണ് ബുധനാഴ്ച റെയ്ഡ് നടന്നത്. നേരത്തെ കൈക്കൂലി, അഴിമതി ആരോപണങ്ങളുയർന്ന ഉദ്യോഗസ്ഥരാണിവർ.
ബെസ്‌കോമിന്റെ സാങ്കേതികവിഭാഗം ഡയറക്ടർ എച്ച്.ജെ. രമേഷിന്റെ ബെംഗളൂരുവിലെ വസതിയിൽനിന്ന് 1.4 കോടിരൂപയും രണ്ട് കാറുകളും സ്വർണാഭരണങ്ങളും വിദേശമദ്യത്തിന്റെ ശേഖരവും പിടിച്ചെടുത്തു. ഇയാളുടെ 5.6 കോടിരൂപ വിലമതിക്കുന്ന സ്വത്തുവകകൾ സംബന്ധിച്ച രേഖകളും കണ്ടെടുത്തിട്ടുണ്ട്. രാമനഗരയിലെ ഫാക്ടറീസ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ നാരായണപ്പയുടെ വീട്ടിലും ഇയാളുമായി ബന്ധമുള്ള സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡിൽ 2.5 കോടി രൂപയുടെ അനധികൃത സ്വത്തുക്കളാണ് കണ്ടെത്തിയത്.
മൈസൂരുവിൽ സിറ്റി കോർപ്പറേഷൻ ഉദ്യോഗസ്ഥൻ മഹേഷ് കുമാറിന്റെ നിവേദിതനഗറിലുള്ള വീട്ടിലും ഇയാളുടെയും ബന്ധുക്കളുടെയും ഉടമസ്ഥതയിലുള്ള ഫാം ഹൗസുകളിലും പരിശോധന നടന്നു. മൈസൂരുവിൽ മാത്രം 13 ഉദ്യോഗസ്ഥരാണ് റെയ്ഡിൽ പങ്കെടുത്തത്.
തുമകൂരു ജില്ലയിലെ കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡെവലപ്‌മെന്റ് ബോർഡ് (കെ.ഐ.എ.ഡി.ബി.) ഉദ്യോഗസ്ഥൻ നരസിംഹമൂർത്തിയുടെ വീട്, ഹവേരി ജില്ലയിലെ നിർമിതികേന്ദ്ര എൻജിനിയർ വാഗീഷ് ഷെട്ടാറിന്റെ വീട്, റാണെബെന്നൂരിലെ നിർമിതകേന്ദ്ര ഓഫീസ്, ബീദറിലെ ചിത്തഗുപ്പ താലൂക്ക് ഓഫീസ് ജീവനക്കാരന്റെ വീട്, രാമനഗരയിലെ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി എസ്.ഡി. രംഗസ്വാമിയുടെ ഫാംഹൗസ്, ബി.ബി.എം.പി. എക്സിക്യുട്ടീവ് എൻജിനിയർ എൻ.ജി. പ്രമോദ് കുമാറിന്റെ വീട്, മൈസൂരുവിലെ നഗരവികസന വകുപ്പ് ഓഫീസിലെ അക്കൗണ്ട്‌സ് ഓഫീസർ എൻ. മുത്തുവുമായി ബന്ധമുള്ള സ്ഥാപനം തുടങ്ങിയ ഇടങ്ങളിലും ലോകായുക്ത റെയ്ഡ് നടത്തി.
ഏപ്രിൽ 24-നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ലോകായുക്ത റെയ്ഡ് നടത്തിയിരുന്നു. അന്ന് ബെംഗളൂരു കോർപ്പറേഷനിലെ നഗരാസൂത്രണവിഭാഗം അഡീഷണൽ ഡയറക്ടർ ഗംഗാധരയ്യയുടെ വീട്ടിൽനിന്നുമാത്രം ഒരുകോടി രൂപയുടെ ആഭരണങ്ങളും 1.44 കോടി രൂപയുമാണ് പിടിച്ചെടുത്ത്. ബെംഗളൂരുവിന് പുറമേ, ദാവണഗെരെ, ബീദർ, കോലാർ, ബല്ലാരി എന്നീ ജില്ലകളിലെ ഉദ്യോഗസ്ഥരുടെ വീടുകളിലും റെയ്ഡ് നടന്നിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..