കോൺഗ്രസിന്റെ അഞ്ചിന തിരഞ്ഞെടുപ്പുവാഗ്‌ദാനങ്ങൾ നടപ്പാക്കുന്നതിനെപ്പറ്റി ചർച്ചചെയ്യാൻ വിളിച്ചുചേർത്ത മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ
ബെംഗളൂരു : കർണാടകത്തിൽ കോൺഗ്രസിന്റെ അഞ്ചിന തിരഞ്ഞെടുപ്പുവാഗ്‌ദാനങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി സിദ്ധരാമയ്യ ബുധനാഴ്ച വിവിധ വകുപ്പുകളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു.
മന്ത്രിമാരുടെ യോഗംവിളിച്ചാണ് പദ്ധതികൾ ആസൂത്രണംചെയ്യുന്നതിനുള്ള വിവരങ്ങൾ ശേഖരിച്ചത്. തീരുമാനമെടുക്കാൻ ഒരുദിവസംകൂടി സമയം കിട്ടുന്നതിനായി പദ്ധതികൾ പ്രഖ്യാപിക്കാൻ നിശ്ചയിച്ച മന്ത്രിസഭായോഗം വ്യാഴാഴ്ചയിൽനിന്ന് വെള്ളിയാഴ്ചത്തേക്ക് മാറ്റി.
വാഗ്‌ദാനങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച തീരുമാനം മന്ത്രിസഭായോഗത്തിലെടുക്കുമെന്ന് ബുധനാഴ്ചത്തെ യോഗത്തിനുശേഷം സിദ്ധരാമയ്യ പറഞ്ഞു. മന്ത്രിമാർ അവരവരുടെ വകുപ്പുമായി ബന്ധപ്പെട്ട പദ്ധതികളുടെ വിവരങ്ങളും നിർദേശങ്ങളും യോഗത്തിൽ സമർപ്പിച്ചു. ഇവ മന്ത്രിസഭായോഗത്തിൽ ചർച്ചചെയ്യും. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഊർജമന്ത്രി കെ.ജെ. ജോർജ്, ഗതാഗതമന്ത്രി രാമലിംഗറെഡ്ഡി, വനിതാ-ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർ, ഭക്ഷ്യ-സിവിൽസപ്ലൈസ് മന്ത്രി കെ.എച്ച്. മുനിയപ്പ തുടങ്ങിയവർ സംബന്ധിച്ചു.
എല്ലാവീടുകളിലും മാസം 200 യൂണിറ്റ് സൗജന്യ വൈദ്യുതി, വീട്ടമ്മമാരുടെ അക്കൗണ്ടുകളിൽ മാസം 2,000 രൂപ, ബി.പി.എൽ. കുടുംബത്തിലെ ഓരോ അംഗങ്ങൾക്കും മാസം 10 കിലോ അരി, ബിരുദംനേടിയവർക്ക് മാസം 3,000 രൂപവീതവും ഡിപ്ലോമക്കാർക്ക് മാസം 1,500 രൂപ വീതവും രണ്ടുവർഷത്തേക്ക് സഹായം, വനിതകൾക്ക് സർക്കാർ ബസുകളിൽ സൗജന്യയാത്ര എന്നിവയാണ് കോൺഗ്രസ് നൽകിയ വാഗ്‌ദാനങ്ങൾ.
ഇവ നടപ്പാക്കുമെന്ന് സർക്കാരിന്റെ ആദ്യ മന്ത്രിസഭായോഗത്തിൽ തത്ത്വത്തിൽ തീരുമാനിച്ചിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..