ചാമരാജനഗർ ഓക്സിജൻ ദുരന്തം പുനരന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ


1 min read
Read later
Print
Share

ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവുവാണ് ഉത്തരവിട്ടത്

മൈസൂരു : ചാമരാജനഗർ ജില്ലാ ആശുപത്രിയിൽ ഓക്സിജൻ കിട്ടാതെ 24 കോവിഡ് രോഗികൾ മരിച്ചസംഭവത്തിൽ സംസ്ഥാന സർക്കാർ പുനരന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവുവാണ് ബുധനാഴ്ച അന്വേഷണത്തിന് ഉത്തരവിട്ടത്.

2021 മേയ് രണ്ടിനാണ് ദേശീയതലത്തിൽ ചർച്ചയായ ചാമരാജനഗർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ കോവിഡ് രോഗികളുടെ കൂട്ടമരണമുണ്ടായത്. മൂന്നുരോഗികൾ മാത്രമാണ് മരിച്ചതെന്നാണ് അധികാരത്തിലുണ്ടായിരുന്ന ബി.ജെ.പി. സർക്കാർ അവകാശപ്പെട്ടത്. തുടർന്ന് ഹൈക്കോടതി നിയോഗിച്ച വിദഗ്ധസമിതി നടത്തിയ അന്വേഷണത്തിൽ 24 മരണം സ്ഥിരീകരിച്ചു.

സംഭവത്തിൽ സമഗ്രമായ അന്വേഷണത്തിന്റെ കുറവുണ്ടെന്ന് മന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു. ‘‘ശരിയായ അന്വേഷണം നടന്നിട്ടില്ല. ഓക്സിജൻ ദുരന്തത്തിന് ഇടയാക്കിയത് ആരാണെന്നറിയില്ല. ഉടൻ അന്വേഷണം നടത്താനും ക്രമക്കേടുണ്ടെങ്കിൽ ഉചിതമായ നടപടിയെടുക്കാനും അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ വകുപ്പുതല അന്വേഷണമുണ്ടായിട്ടില്ല. അതുകൊണ്ടാണ് ശരിയായ അന്വേഷണത്തിന് ഉത്തരവിട്ടത്’’ -അദ്ദേഹം വ്യക്തമാക്കി.ഹൈക്കോടതി നിയോഗിച്ച സമിതിയുടെ അന്വേഷണറിപ്പോർട്ടിനോട് യോജിക്കാൻ ബി.ജെ.പി. സർക്കാർ തയ്യാറായിരുന്നില്ല. ആശുപത്രിയിൽ ഓക്സിജന്റെ അഭാവമുണ്ടായിട്ടില്ലെന്നാണ് മുൻ ഉപമുഖ്യമന്ത്രി സി.എൻ. അശ്വത് നാരായൺ അവകാശപ്പെട്ടത്. അതേസമയം, ഓക്സിജൻ ലഭിക്കാതെ 36 കോവിഡ് രോഗികൾ മരിച്ചെന്നാണ് കോൺഗ്രസിന്റെ വാദം. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരുലക്ഷം രൂപവീതം സഹായധനം നൽകിയ കോൺഗ്രസ്, പാർട്ടി അധികാരത്തിലെത്തുമ്പോൾ സർക്കാർജോലിയും വാഗ്‌ദാനംചെയ്തിരുന്നു. നിലവിൽ, കോൺഗ്രസ് അധികാരത്തിലെത്തിയെങ്കിലും ജോലിനൽകുന്നത് സംബന്ധിച്ച നടപടികളൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല. ഡി.കെ. ശിവകുമാറും രാഹുൽഗാന്ധിയുമാണ് സർക്കാർ ജോലി വാഗ്‌ദാനംചെയ്തത്. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ചാമരാജനഗറിലെത്തിയപ്പോൾ മരിച്ചവരുടെ കുടുംബങ്ങളെ രാഹുൽഗാന്ധി സന്ദർശിച്ചിരുന്നു.ദുരന്തത്തെച്ചൊല്ലി‌ അന്നത്തെ മൈസൂരു ഡെപ്യൂട്ടി കമ്മിഷണർ രോഹിണി സിന്ദൂരിയും ചാമരാജനഗർ ഡെപ്യൂട്ടി കമ്മിഷണർ എം.ആർ. രവിയും തമ്മിൽ പരസ്യമായി പോര് നടന്നിരുന്നു. ചാമരാജനഗറിനുള്ള ഓക്സിജൻ സിലിൻഡറുകൾ രോഹിണി സിന്ദൂരി നൽകിയില്ലെന്നായിരുന്നു രവിയുടെ ആരോപണം. എന്നാൽ, ആരോപണം നിഷേധിച്ച രോഹിണി രവിയെ വിമർശിച്ചിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..