ബെംഗളൂരു : മരിച്ച സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കുന്നത് ഇന്ത്യൻ ശിക്ഷാ നിയമം 376 വകുപ്പ് പ്രകാരമുള്ള ബലാത്സംഗക്കുറ്റത്തിന്റെ പരിധിയിൽ വരില്ലെന്ന് കർണാടക ഹൈക്കോടതി വിധിച്ചു.
21 വയസ്സുള്ള യുവതിയെ കൊലപ്പെടുത്തിയ ശേഷം പീഡിപ്പിച്ചതിന് ശിക്ഷിക്കപ്പെട്ട തുമകൂരു സ്വദേശി രംഗരാജു നൽകിയ അപ്പീലിലാണ് ജസ്റ്റിസ് ബി. വീരപ്പ, ജസ്റ്റിസ് ടി. വെങ്കടേഷ് നായിക് എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി. കൊലക്കുറ്റത്തിന് വിചാരണക്കോടതി വിധിച്ച ശിക്ഷ ശരിവെച്ച കോടതി ബലാത്സംഗത്തിനുള്ള ശിക്ഷ റദ്ദാക്കി.
മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിക്കുന്നത് സാഡിസമായോ നെക്രോഫീലിയയായോ ആണ് കണക്കാക്കേണ്ടതെന്നും ഇതിന് 376-ാം വകുപ്പ് പ്രകാരം ശിക്ഷവിധിക്കാനാകില്ലെന്നും കോടതി പറഞ്ഞു. അതേസമയം, മൃതദേഹത്തെ പീഡിപ്പിക്കുന്നതിന് ശിക്ഷ ഉറപ്പുവരുത്തുന്ന രീതിയിൽ ശിക്ഷാ നിയമം പരിഷ്കരിക്കാൻ കോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.
തുമകൂരുവിൽ 2015 ജൂൺ 25-നായിരുന്നു യുവതി കൊല്ലപ്പെട്ടത്. കംപ്യൂട്ടർ ക്ലാസിൽ പോയ യുവതിയെ 22 വയസ്സുള്ള പ്രതി കഴുത്തറത്ത് കൊന്നശേഷം ബലാത്സംഗം ചെയ്തെന്നായിരുന്നു കേസ്. കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം കഠിനതടവിനും ബലാത്സംഗക്കുറ്റത്തിന് 10 വർഷം സാധാരണതടവിനും 2017 ഓഗസ്റ്റ് 14-ന് സെഷൻസ് കോടതി ഇയാൾക്ക് ശിക്ഷവിധിച്ചു. ഇതിനെതിരെയാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്. മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ചത് നെക്രോഫീലിയ എന്ന അവസ്ഥയാണെന്നും ഇതിന് ശിക്ഷവിധിക്കാനുള്ള വ്യവസ്ഥ ഇന്ത്യൻ ശിക്ഷാനിയമത്തിലില്ലെന്നും ഇയാൾക്കുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. ഇത് കോടതി ശരിവെച്ചു.
ഇംഗ്ലണ്ട്, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ ശവശരീരത്തെ ലൈംഗികമായി പീഡിപ്പിക്കുന്നത് ശിക്ഷാർഹമായ കുറ്റകൃത്യമായി വ്യവസ്ഥചെയ്യുന്നുണ്ടെന്ന് പറഞ്ഞ കോടതി ഇതിനനുസരിച്ച വ്യവസ്ഥകൾ ഇന്ത്യയിലും നടപ്പാക്കണമെന്ന് നിർദേശിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..