ചെന്നൈ : ബെംഗളൂരുവിനെയും ചെന്നൈ നഗരത്തെയും ബന്ധിപ്പിച്ച് അർധാതിവേഗ റെയിൽപ്പാത നിർമിക്കുന്നതിന് ദക്ഷിണ റെയിൽവേ പദ്ധതിയിടുന്നു. ഇത് യാഥാർഥ്യമായാൽ രണ്ടു മണിക്കൂറുകൊണ്ട് കരമാർഗം ചെന്നൈയിൽനിന്ന് ബെംഗളുരൂവിലെത്താനാകും.
പാതയ്ക്കുവേണ്ട സ്ഥാനം നിർണയിക്കുന്നതിനുള്ള സർവേ (ഫൈനൽ ലൊക്കേഷൻ സർവേ) നടത്തുന്നതിന് ദക്ഷിണ റെയിൽവേ ടെൻഡർ വിളിച്ചുകഴിഞ്ഞു. വ്യോമ സർവേ നടത്തുന്നതിനു പുറമെ, വിശദമായ പദ്ധതിറിപ്പോർട്ട് സമർപ്പിക്കുന്നതും സാധ്യതാ പഠനം നടത്തുന്നതും ചെലവു കണക്ക് തയ്യാറാക്കുന്നതും ഇതിന്റെ ഭാഗമായി നടക്കും. സർവേക്കായി റെയിൽവേ മന്ത്രാലയം 8.3 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
ചെന്നൈ സെൻട്രലിൽനിന്ന് ബെംഗളൂരുവിലെ ബൈയപ്പനഹള്ളി വരെ 350 കിലോമീറ്റർ പുതിയ ബ്രോഡ്‌ഗേജ് പാത പണിയാനാണ് പദ്ധതി. മണിക്കൂറിൽ 220 കിലോമീറ്റർവരെ വേഗം സാധ്യമാകുന്ന പാതയിൽ 200 കിലോമീറ്റർ വേഗത്തിൽ വണ്ടിയോടിക്കാൻ കഴിയും. നിലവിലുള്ള ചെന്നൈ- ബെംഗളൂരു പാതയുടെ ദൈർഘ്യവും 350 കിലോമീറ്ററാണ്. 4.25 മണിക്കൂറുമുതൽ 6.30 മണിക്കൂറുവരെയെടുത്താണ് തീവണ്ടികൾ ഇപ്പോൾ ഈ ദൂരം താണ്ടുന്നത്.
അർധാതിവേഗ തീവണ്ടിയായ വന്ദേഭാരതിന്റെ ഉത്പാദനം ഊർജിതമാക്കുന്ന പശ്ചാത്തലത്തിലാണ് അർധാതിവേഗ പാതകൾ നിർമിക്കാനുള്ള പദ്ധതികൾ റെയിൽവേ പരിഗണിക്കുന്നത്. മണിക്കൂറിൽ 180 കിലോമീറ്റർ വേഗത്തിലോടിക്കാൻ കഴിയുന്ന വന്ദേഭാരതിന് ഇപ്പോഴുള്ള പാതകളിൽ കിട്ടുന്ന പരമാവധി വേഗം 130 കിലോമീറ്ററാണ്.
ചെന്നൈ-മൈസൂരു പാതയിലെ വന്ദേഭാരതിന്റെ ശരാശരി വേഗം 81 കിലോമീറ്റർ മാത്രമാണ്. പുതിയ പാത യാഥാർഥ്യമായാൽ ഇതിലൂടെ വന്ദേഭാരത് പരമാവധി വേഗത്തിലോടിക്കാൻ കഴിയും. ശരാശരി വേഗം സ്റ്റോപ്പുകളുടെ എണ്ണത്തെയും സുരക്ഷാ സജ്ജീകരണങ്ങളെയും ആശ്രയിച്ചിരിക്കും.ഇപ്പോഴത്തെ പാത നവീകരിച്ചാൽ ചെന്നൈ-ബെംഗളൂരു യാത്രാസമയം മൂന്നു മണിക്കൂറിൽ താഴെയായി കുറയ്ക്കാനാവുമെന്നു കാണിച്ച് ചൈനയുടെ സി.ആർ.ഇ.ഇ.സി. കമ്പനി 2016-ൽ റെയിൽവേക്ക് റിപ്പോർട്ട് നൽകിയിരുന്നു. അതിന് 3,200 കോടി രൂപ ചെലവു വരുമെന്നാണ് പറഞ്ഞിരുന്നത്.
ചെന്നൈ-മൈസൂരു പാതയിൽ 320 കിലോമീറ്റർ വേഗമുള്ള ബുള്ളറ്റ് ട്രെയിൻ പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ച് ജർമൻ സർക്കാർ 2018-ൽ നിർദേശം സമർപ്പിച്ചിരുന്നു. ഇതേ പാതയിൽ അതിവേഗ റെയിൽപ്പാത നിർമിക്കുന്ന പദ്ധതി നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ പരിഗണനയിലുണ്ട്. മണിക്കൂറിൽ 350 കിലോമീറ്റർ വേഗമാണ് ഇതിൽ പ്രതീക്ഷിക്കുന്നത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..