ഷാമന്നൂരിലെ തീപ്പെട്ടിക്കമ്പനിക്കാലം : ദാവണഗെരെ ഇന്നുമോർക്കുന്നു ഇന്നച്ചനെ


1 min read
Read later
Print
Share

ദാവണഗെരെയിലെ തീപ്പെട്ടിക്കമ്പനിക്കാലം അദ്ദേഹത്തിന്റെ പുസ്തകങ്ങളിലും കുറിപ്പുകളിലും അഭിമുഖങ്ങളിലുമെല്ലാം നിറഞ്ഞുനിന്നിരുന്നു. അക്കാലത്ത് തീപ്പെട്ടിക്കമ്പനിക്ക് സമീപമുണ്ടായിരുന്നവരുടെ പേരുപോലും അഭിമുഖങ്ങളിൽ ഓർത്തുപറഞ്ഞിട്ടുണ്ട്.

ഇന്നസെന്റിന്റെ തീപ്പെട്ടി കമ്പനിയുണ്ടായിരുന്ന ഷാമന്നൂർ സിറ്റി

ബെംഗളൂരു: ദാവണഗെരെ ഷാമന്നൂരിലെ ഇന്നസെന്റിന്റെ തീപ്പെട്ടിക്കമ്പനിക്ക് സമീപമായിരുന്നു കരുണാകരൻ നായരുടെ പലചരക്കുകട. ദിവസവും വൈകുന്നേരം കമ്പനിയടച്ചാൽ ഇന്നസെന്റ് (ഇന്നച്ചൻ) കടയിലെത്തും. ഏറെനേരം വർത്തമാനം പറഞ്ഞിരിക്കും. നാടകവും സാമൂഹിക വിഷയങ്ങളുമൊക്കെയായിരിക്കും ചർച്ച. അടിയന്തരാവസ്ഥക്കാലമായിരുന്നതിനാൽ ചർച്ചയ്ക്കുള്ള വിഷയത്തിന് ഒട്ടുംപഞ്ഞവുമില്ല. ഭാര്യയുമൊത്ത് കുടുംബസമേതം താമസിക്കുന്നതിനാൽ സാധനങ്ങൾ വാങ്ങുന്നതും ഈ കടയിൽ നിന്നാണ്. അക്കാലത്തെ ഇന്നസെന്റിന്റെ അടുത്ത സുഹൃത്തുക്കളിലൊരാളായിരുന്നു കരുണാകരൻ നായർ. അന്ന് ഇന്നസെന്റ് കടയിലിരുന്ന് വർത്തമാനം പറഞ്ഞതും സൗഹൃദം പങ്കിട്ടതുമെല്ലാം ഇപ്പോൾ ബെംഗളൂരുവിൽ താമസക്കാരനായ കരുണാകരൻ നായരുടെ ഓർമയിലുണ്ട്.

ഷാമന്നൂരിലെ തീപ്പെട്ടിക്കമ്പനിക്കാലത്ത് ഇന്നസെന്റ് ദാവണഗെരെയിലും പരിസരപ്രദേശങ്ങളിലുമുണ്ടാക്കിയ സുഹൃത് വലയം ചെറുതല്ല.

ഡി.സി.എം. എന്ന പരുത്തിമില്ലായിരുന്നു അന്ന് ദാവണഗെരെയുടെ ജീവനാഡി. കമ്പനിയും പരിസരപ്രദേശങ്ങളുമൊഴിച്ചാൽ കാര്യമായ വികസനങ്ങളൊന്നുമെത്താത്തയിടം. എന്നാൽ പരുത്തിമില്ലിലെ ജീവനക്കാരിൽ ഭൂരിഭാഗവുംമലയാളികൾ. അതുകൊണ്ടുതന്നെ ദാവണെഗെരെയിലെ കേരളസമാജം അന്നുംസജീവമായിരുന്നു. കുറിയും അത്യാവശ്യം നാടകപ്രവർത്തനങ്ങളുമെല്ലാം അന്ന് കേരളസമാജത്തിന്റെ നേതൃത്വത്തിൽ നടന്നിരുന്നു. ഇതിലെല്ലാം ഇന്നസെന്റും പങ്കാളിയായി. കടത്തിനുമുകളിൽ കടംകയറി തീപ്പെട്ടി കമ്പനിയടച്ച്‌ നാട്ടിലേക്ക് പോകുമ്പോഴേക്കും ഇന്നസെന്റ് ദാവണഗെരക്കാരനായി മാറിയിരുന്നു. ഇക്കാലത്തിനിടയിൽ അനായാസം കന്നഡ കൈകാര്യംചെയ്യാനും പഠിച്ചു.

ഏതാനുംവർഷം മുമ്പ് ദാവണഗെരെ കേരളസമാജം ഇന്നസെന്റിനെ ഒരുചടങ്ങിലേക്ക് ക്ഷണിച്ചപ്പോൾ പഴയകഥകളെല്ലാം അദ്ദേഹം പറഞ്ഞിരുന്നതായി സമാജം സെക്രട്ടറി ഇ.പി. ബിജു ഓർക്കുന്നു. ഒരിക്കൽകൂടി ദാവണെഗെരെയിലേക്ക് വരണമെന്നും അക്കാലത്തുണ്ടായിരുന്നവരെ കാണണമെന്നുമെല്ലാം ഇന്നസെന്റ് ആഗ്രഹംപ്രകടിപ്പിച്ചു. ചടങ്ങിൽ പെങ്കടുക്കുന്നതിന് ഒരു രൂപപോലുംവേണ്ടെന്നും സ്വന്തംചെലവിലെത്താമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പക്ഷേ, മറ്റൊരു വിദേശയാത്ര പോകേണ്ടിവന്നതിനാൽ ഇന്നസെന്റിന് ഒരിക്കൽക്കൂടി ദാവണഗെരെയിലെത്താൻ കഴിഞ്ഞില്ല. പിന്നീട് കോവിഡ് കാലമായതിനായതിനൽ അദ്ദേഹത്തെ വീണ്ടും ക്ഷണിക്കാനും കഴിഞ്ഞില്ല.

ദാവണഗെരെയിലെ തീപ്പെട്ടിക്കമ്പനിക്കാലം അദ്ദേഹത്തിന്റെ പുസ്തകങ്ങളിലും കുറിപ്പുകളിലും അഭിമുഖങ്ങളിലുമെല്ലാം നിറഞ്ഞുനിന്നിരുന്നു. അക്കാലത്ത് തീപ്പെട്ടിക്കമ്പനിക്ക് സമീപമുണ്ടായിരുന്നവരുടെ പേരുപോലും അഭിമുഖങ്ങളിൽ ഓർത്തുപറഞ്ഞിട്ടുണ്ട്.

കർണാടകത്തിലെ അത്രയൊന്നും പ്രശസ്തമല്ലാത്ത ഒരു പ്രദേശത്തെ മലയാളികൾക്ക് സുപരിചിതമായ ഇടമാക്കിയതിൽ ഇന്നസെന്റിനുള്ള പങ്ക് ചെറുതൊന്നുമല്ല. അന്നത്തെ തീപ്പെട്ടിക്കമ്പനി ഇന്നില്ലെങ്കിലും ദാവണഗെരെയിലെ മലയാളികളുടെ പുതുതലമുറ ഇന്നും ഇന്നസെന്റിന്റെ ആ ‘പഴയ സാന്നിധ്യ’ത്തിൽ അഭിമാനിക്കുന്നവരാണ്.

Content Highlights: bangalore, innocent passed away, davanagere days of actor innocent, shamannur match factory

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..