Photo: ANI
ന്യൂഡൽഹി: ഹിമാചൽപ്രദേശിനുശേഷം ആറുമാസത്തിനിപ്പുറം കർണാടകത്തിലും കോൺഗ്രസ് ഭരണം നേടി. രണ്ടിടത്തും ബി.ജെ.പി.യോട് നേരിട്ട് അങ്കം ജയിക്കുകയായിരുന്നു. ഇടയ്ക്ക് ഗുജറാത്തിലും വടക്കുകിഴക്കിലെ മേഘാലയയിലും നാഗാലാൻഡിലും തിരിച്ചടി നേരിട്ടു. എന്നാൽ, സി.പി.എമ്മുമായി കൈകോർത്ത ത്രിപുരയിൽ മൂന്ന് സീറ്റ് നേടാനായി. സമീപകാല ചരിത്രത്തിൽ കോൺഗ്രസിന്റെ ഏറ്റവും മികച്ച പ്രകടനമാണ് കർണാടകയിലെ തിരഞ്ഞെടുപ്പ് മൈതാനത്തിൽ തെളിഞ്ഞുകാണുന്നത്.
ചിട്ടയായ പ്രവർത്തനമാണ് കർണാടകത്തിൽ കോൺഗ്രസ് തകർപ്പൻ തിരിച്ചുവരവിന് കാരണമായത്. സംസ്ഥാനഘടകത്തെ തിരഞ്ഞെടുപ്പിന് സജ്ജമാക്കാൻ ഹൈക്കമാൻഡ് നേരത്തേ പണിതുടങ്ങിയിരുന്നു. കളമറിയാൻ പത്തോളം സർവേകൾ നടത്തി. തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി പയറ്റാറുള്ള പതിവുതന്ത്രങ്ങൾക്ക് കർണാടകയിൽ കോൺഗ്രസ് അതേ നാണയത്തിൽ മറുപടി നൽകി.
വിജയവഴി തെളിച്ച ജോഡോയാത്ര
രാഹുൽഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയൊരുക്കിയ അടിത്തറയിലാണ് കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചത്.
21 ദിവസം രാഹുലിന്റെ യാത്ര കർണാടകത്തിലായിരുന്നു. മുതിർന്ന നേതാക്കളായ ഡി.കെ. ശിവകുമാറിന്റെ സംഘാടകമികവും സിദ്ധരാമയ്യയുടെ ജനകീയതയും വിജയം അനായാസമാക്കി. ശിവകുമാറിനെയും സിദ്ധരാമയ്യയെയും ഒന്നിച്ചുനിർത്തുക എന്നതായിരുന്നു ഹൈക്കമാൻഡിനു മുന്നിലെ വലിയ കടമ്പ.
രാഹുൽതന്നെ നേരിട്ടിറങ്ങി തിരഞ്ഞെടുപ്പിൽ യോജിച്ചുപോരാടണമെന്ന നിർദേശംവെച്ചപ്പോൾ ഇരുവരും വഴങ്ങി.
ദേശീയമല്ല, പ്രാദേശികം
ദേശീയത ഉയർത്തി, ദേശീയ വിഷയങ്ങളിലേക്ക് കണ്ണാടി തിരിച്ചുള്ള ബി.ജെ.പി.യുടെ പ്രചാരണത്തെ പ്രാദേശിക വിഷയങ്ങളുയർത്തിയാണ് കോൺഗ്രസ് പ്രതിരോധിച്ചത്.
പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ അദാനി വിഷയമൊക്കെ ഉയർത്തിയെങ്കിലും ജനങ്ങളുടെ പ്രതികരണം പോരെന്നുകണ്ടതോടെയാണ് വഴി മാറ്റിപ്പിടിച്ചത്. സംസ്ഥാന സർക്കാരിനെതിരായ അഴിമതിയാരോപണങ്ങൾ ഒന്നൊന്നായി ചർച്ചയാക്കി. മത്സരം ബി.ജെ.പി.യും കോൺഗ്രസും തമ്മിലാണെന്നു വരുത്തിത്തീർക്കാൻ ജെ.ഡി.എസിന്റെ കാര്യത്തിൽ തന്ത്രപൂർവം മൗനംപാലിച്ചു. ജെ.ഡി.എസിന്റെ ദളിത്, ന്യൂനപക്ഷ വോട്ടുകൾകൂടി ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം.
പ്രകടനപത്രികയിൽ ബജ്‌റംഗ് ദളിനെയും പോപ്പുലർ ഫ്രണ്ടിന് സമാനമായി നിരോധിക്കുമെന്ന വാഗ്ദാനമുൾപ്പെട്ടത് ബി.ജെ.പി.യുടെയും സംഘപരിവാർ സംഘടനകളുടെയും ഭാഗത്തുനിന്ന് വലിയ എതിർപ്പിനു വഴിവെച്ചെങ്കിലും കാര്യമായ വോട്ടുനഷ്ടമുണ്ടായിട്ടില്ലെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ.
മറുഭാഗത്ത് ‘ദി കേരള സ്റ്റോറി’ സിനിമയെ ഉയർത്തിക്കാട്ടി പ്രചാരണത്തിനുള്ള ശ്രമങ്ങളും നടന്നു. അപ്പോഴെല്ലാം കോൺഗ്രസ് മതനിരപേക്ഷ നിലപാട് ഉറപ്പിച്ചപ്പോൾ, വഴിമാറിപ്പോകുമായിരുന്ന ന്യൂനപക്ഷ വോട്ടുകൾ പെട്ടിയിലായി.
കർണാടകത്തിൽ തീരുന്നില്ല
തിരഞ്ഞെടുപ്പിലേക്ക് അടുക്കുന്ന മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ എന്നിവിടങ്ങളിലും കർണാടകത്തിലെ വിജയഫോർമുല പരീക്ഷിക്കാനാകും ഇനി കോൺഗ്രസിന്റെ നീക്കം. ഭരണമുള്ള സംസ്ഥാനങ്ങളായ ഛത്തീസ്ഗഢിലും രാജസ്ഥാനിലും ഭരണവിരുദ്ധവികാരമെന്ന കടമ്പയും കടക്കണം.
Content Highlights: how congress won in karnataka election


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..