അംബേദ്കറിന്റെ ചിത്രം മാറ്റിയെന്ന ആരോപണം: ജഡ്‌ജിക്കെതിരേ ബെംഗളൂരുവിൽ ദളിത് സംഘടനകളുടെ പ്രതിഷേധം


ബെംഗളൂരുവിൽ ദളിത് സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം

ബെംഗളൂരു : റിപ്പബ്ലിക് ദിനാഘോഷത്തിനിടെ റായ്ച്ചൂരിലെ കോടതിയിൽനിന്ന് അംബേദ്‌റിന്റെ ഛായാചിത്രം ജഡ്ജി എടുത്തുമാറ്റിയെന്ന ആരോപണത്തെത്തുടർന്ന് ബെംഗളൂരുവിൽ ദളിത് സംഘടനകളുടെ പ്രതിഷേധം. സിറ്റി റെയിൽവേ സ്റ്റേഷനിൽനിന്ന് തുടങ്ങി ഫ്രീഡം പാർക്ക് വരെ നടന്ന പ്രതിഷേധത്തിൽ ആയിരിക്കണക്കിനാളുകളാണ് പങ്കെടുത്തത്.

വിവിധ ജില്ലകളിൽനിന്നുള്ള ദളിത് സംഘടനകളും അഭിഭാഷകരും പങ്കെടുത്ത പ്രതിഷേധത്തെത്തുടർന്ന് നഗരത്തിലെ വിവിധഭാഗങ്ങളിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പ്രതിഷേധം പൂർണമായും സമാധാനപരമായിരുന്നുവെന്ന് ദളിത് സംഘടനാനേതാക്കൾ അറിയിച്ചു. നേരത്തേ വിധാൻസൗധയിലേക്ക് പ്രതിഷേധം നടത്താനായിരുന്നു തീരുമാനമെങ്കിലും പോലീസിന്റെ അഭ്യർഥനയെത്തുടർന്ന് ഫ്രീഡം പാർക്കിൽ അവസാനിപ്പിക്കുകയായിരുന്നു.

റായ്ച്ചൂരിലെ പ്രിൻസിപ്പൽ ജില്ലാസെഷൻസ് ജഡ്ജി മല്ലികാർജുൻ ഗൗഡയ്ക്കെതിരേ മുദ്രാവാക്യങ്ങളെഴുതിയ ബാനറുകളുമായായിരുന്നു പ്രതിഷേധം. അതേസമയം ആരോപണവിധേയനായ ജഡ്ജിയെ കഴിഞ്ഞദിവസം ഹൈക്കോടതി കർണാടക ട്രാൻസ്പോർട്ട് അപ്പലെറ്റ് അതോറിറ്റിയിലേക്ക് മാറ്റിയിരുന്നു.

റിപ്പബ്ലിക് ദിനത്തിൽ പതാകയുയർത്തൽ ചടങ്ങിനുമുമ്പ് ജഡ്ജി ഗാന്ധിജിയുടെ സമീപമുണ്ടായിരുന്ന അംബേദ്കറിന്റെ ചിത്രം എടുത്തുമാറ്റാൻ കോടതി ജീവനക്കാർക്ക് നിർദേശം നൽകിയെന്നാണ് ആരോപണം. എന്നാൽ അംബേദ്കറിന്റെ ചിത്രം മാറ്റിയില്ലെന്നും ബോധപൂർവം ചിലർ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. മൈസൂരു, ബാഗൽകോട്ട്, കലബുറഗി, ബീദർ, ചിത്രദുർഗ തുടങ്ങിയ ജില്ലകളിലും കഴിഞ്ഞദിവസങ്ങളിൽ ജഡ്ജിക്കെതിരേ വ്യാപകപ്രതിഷേധമുയർന്നിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..