‘സിൻഡ്രല്ലയുടെ ചെരിപ്പ് ഭദ്രം’ തനിക്കുനേരെ എറിഞ്ഞ ചെരിപ്പിന്റെ ചിത്രവുമായി ധനമന്ത്രിയുടെ ട്വീറ്റ്


ചെരിപ്പേറിനെതിരേ പ്രതിഷേധിച്ച ജില്ലാ പ്രസിഡന്റിനെ ബി.ജെ.പി. പുറത്താക്കി

.

ചെന്നൈ : മധുര വിമാനത്താവളത്തിൽ തനിക്കുനേരെ എറിഞ്ഞ ചെരിപ്പ് ‘സിൻഡ്രല്ലയ്ക്ക്’തിരിച്ചുകൊടുക്കാമെന്ന് അറിയിച്ച് തമിഴ്‌നാട് ധനമന്ത്രി പളനിവേൽ ത്യാഗരാജന്റെ ട്വീറ്റ്. കശ്മീരിൽ വീരചരമമടഞ്ഞ തമിഴ്നാട് സ്വദേശിയായ സൈനികന് അന്തിമോപചാരം അർപ്പിക്കാൻ എത്തിയപ്പോഴാണ് കഴിഞ്ഞദിവസം പളനിവേൽ ത്യാഗരാജനുനേരെ ചെരിപ്പേറുണ്ടായത്.

പ്രതിഷേധവുമായി എത്തിയ ബി.ജെ.പി. പ്രവർത്തകരുടെ ഇടയിൽനിന്നായിരുന്നു ചെരിപ്പേറുണ്ടായത്. കാറിന്റെ മുൻവശത്ത് വന്നുവീണ ചെരിപ്പിന്റെ ചിത്രം ട്വിറ്ററിൽ പോസ്റ്റ്ചെയ്ത അദ്ദേഹം ഇത് തിരിച്ചു തരാമെന്നും തന്റെ സ്റ്റാഫ് ഭദ്രമായി സൂക്ഷിച്ചിട്ടുണ്ടെന്നും കുറിച്ചു.

സ്ത്രീകൾ ധരിക്കുന്ന ചെരിപ്പാണ് എറിഞ്ഞത്. ഇത് ചൂണ്ടിക്കാട്ടിയാണ് അജ്ഞാതയായ ചെരുപ്പിന്റെ ഉടമയെ ‘കാണാനില്ലാത്ത സിൻഡ്രല്ല’ എന്ന് വിശേഷിപ്പിച്ചത്.

ത്യാഗരാജനുനേരെ നടന്ന ചെരിപ്പേറിൽ പ്രതിഷേധിച്ച് രാജിപ്രഖ്യാപിച്ച മധുര ജില്ലാ പ്രസിഡന്റ് പി. ശരവണനെ ബി.ജെ.പി. പുറത്താക്കി. സംഭവത്തിനുശേഷം ത്യാഗരാജനെ നേരിൽക്കണ്ട് ക്ഷമാപണം നടത്തിയ ശരവണൻ, ബി.ജെ.പിയിൽനിന്ന് രാജിവെക്കാൻപോകുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ബി.ജെ.പിയുടെ വർഗീയ രാഷ്ട്രീയവുമായി ഒത്തുപോകാൻ സാധിക്കില്ലെന്നും ശരവണൻ പറഞ്ഞു.

ശരവണന്റെ പ്രഖ്യാപനമുണ്ടായതിന് തൊട്ടുപിന്നാലെ, പാർട്ടിയെ അപകീർത്തിപ്പെടുത്തിയെന്നും അച്ചടക്കം ലംഘിച്ചുവെന്നും ആരോപിച്ച് പ്രാഥമികാംഗത്വത്തിൽനിന്ന് നീക്കിയതായി ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ അറിയിച്ചു.

മുമ്പ് ഡി.എം.കെയിലായിരുന്ന ശരവണൻ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാതിരുന്നതിനെത്തുടർന്നാണ് പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നത്. വീണ്ടും ഡി.എം.കെയിൽ ചേരുമെന്നാണ് സൂചന.

Content Highlights: BJP supporter hurls slipper at Tamil Nadu minister Thiagarajan’s car at Madurai airport

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..