കടുവയെ പിടിക്കുന്ന കിടുവകൾ


മറുപക്കം

ഏതാനുംമാസം മുമ്പ് ഒരു സ്ത്രീയെ ബൈക്കിലെത്തിയ ഒരാൾ നടുറോഡിൽവെച്ച് ഉപദ്രവിച്ചു. ബഹളംവെച്ചപ്പോൾ അയാൾ രക്ഷപ്പെട്ടു. സമീപത്തെ പോലീസ് ബൂത്തിൽ സ്ത്രീ വിവരമറിയിച്ചു. ഉടൻ പോലീസുകാർക്കൊപ്പം സ്ത്രീയും ഭർത്താവും അയാളെത്തേടി യാത്രതിരിച്ചു. ഒരു മരത്തിനടുത്ത് അയാൾ പതുങ്ങിനിൽക്കുന്നത് കണ്ടു. പോലീസ് എത്തുന്നതുകണ്ട് അയാൾ ബൈക്ക് ശരവേഗത്തിൽവിട്ടു. പിന്നാലെ പോലീസ് ജീപ്പ് കുതിച്ചു. അയാൾ ബൈക്ക് പെട്ടെന്ന് ഒരു ഇടവഴിയിലേക്കുതിരിച്ചു. പോലീസ് വാഹനത്തിന് കടക്കാൻ പറ്റാത്തിടം. എപ്പോഴോ ഒരു പോലീസുകാരൻ ബൈക്കിന്റെ ഫോട്ടോ മൊബൈലിൽ പകർത്തിയിരുന്നു. തമിഴ്‌നാട് രജിസ്ട്രേഷനുള്ള വണ്ടിയാണ്. ഇതുവെച്ച് വനിതാ പോലീസ്‌സ്റ്റേഷനിൽ സ്ത്രീ പരാതിനൽകി. ഉപദ്രവിച്ചയാളെ രണ്ടുദിവസത്തിനകം പിടികൂടുമെന്ന് ഉറപ്പുനൽകി പോലീസ് അവരെ തിരിച്ചയച്ചു.

എന്നാൽ രണ്ടാഴ്ചയായിട്ടും യാതൊരു വിവരവുമില്ല. സ്റ്റേഷനിലെത്തി അന്വേഷിച്ചപ്പോൾ ബൈക്ക് മഹാരാഷ്ട്ര രജിസ്ട്രേഷനാണെന്നും പ്രതി നൽകിയത് വ്യാജ വിലാസമാണെന്നുമായിരുന്നു പോലീസിന്റെ മറുപടി. തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള വണ്ടി എങ്ങനെയാണ് പെട്ടെന്ന് മഹാരാഷ്ട്ര രജിസ്‌ട്രേഷനായി മാറിയതെന്ന് വ്യക്തമല്ല. നീതി തേടിയ സ്ത്രീക്കും ഭർത്താവിനും പോലീസിന്റെ ‘മാജിക്കി’നുമുന്നിൽ പകച്ചുനിൽക്കുകയല്ലാതെ മറ്റു വഴികളുണ്ടായിരുന്നില്ല. അടുത്തുപരിചയമുള്ള ഒരു മലയാളി കുടുംബത്തിനുസംഭവിച്ച ദുരന്തമാണിത്. ഇങ്ങനെ സംഭവിച്ചവർ ധാരാളം കാണും. കള്ളൻമാരെക്കാൾ നന്നായി പോലീസ് നുണപറയുമ്പോൾ എങ്ങനെയാണ് ജനങ്ങൾക്ക് നീതിലഭിക്കുക. ഒരുപക്ഷേ ആ സ്ത്രീയെ ഉപദ്രവിച്ചയാളിൽനിന്ന്‌ പണംവാങ്ങി കേസ് ഒതുക്കിയിട്ടുണ്ടാവാം. ഇങ്ങനെ എത്രയെത്ര കേസുകൾ ദിവസവും മൂടിവെയ്ക്കപ്പെടുന്നുണ്ടാവും. പരാതികൾ പരിഹരിക്കാനാണ് പോലീസ് സ്റ്റേഷനുകൾ. പരാതിക്കാരുടെ കണ്ണീരും ശാപവും വീഴേണ്ട ഇടമല്ല അത്. പ്രത്യേകിച്ചും സ്ത്രീകളുടെ പരാതികൾ ഇങ്ങനെയാണോ വനിതാപോലീസ് കൈകാര്യം ചെയ്യേണ്ടത്. ഇതുമൂലം പോലീസിലുള്ള വിശ്വാസമല്ലേ തകർന്നടിയുന്നത്.

ഇത്രയും വിശദമാക്കാൻ കാരണം മദ്രാസ് ഹൈക്കോടതിയുടെ കഴിഞ്ഞദിവസത്തെ നിരീക്ഷണമാണ്. മാമൂൽ അല്ലെങ്കിൽ കൈക്കൂലി വാങ്ങുന്ന പോലീസുകാർക്കെതിരേ ക്രിമിനൽ കേസ് ഫയൽചെയ്യണം എന്നതായിരുന്നു അത്. പൊതു ചുമതലകളും ഉത്തരവാദിത്വങ്ങളും നിർവഹിക്കുമ്പോൾ പോലീസ് സത്യസന്ധത കാത്തുസൂക്ഷിക്കണമെന്ന് പറഞ്ഞ കോടതി, തെറ്റു ചെയ്യുന്ന പോലീസുകാർക്കെതിരേ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിക്കാനും സർക്കാരിനോട് നിർദേശിച്ചു.

അഴിമതി പിശാചുപോലെയാണ്. അതു വികസന വിരുദ്ധവും സമൂഹത്തോട്, പ്രത്യേകിച്ച് ദരിദ്രരോടും അധഃസ്ഥിതരോടും കാട്ടുന്ന നീതികേടുമാണ്. ഇത്തരം കുറ്റകൃത്യങ്ങൾ നിരീക്ഷിക്കാൻ സൂക്ഷ്മമായ നടപടികൾ ശക്തമാക്കാനും കോടതി നിർദേശിച്ചു. എന്തായാലും കോടതിനിരീക്ഷണം ഭരണകൂടത്തിന്റെ കണ്ണു തുറപ്പിക്കുമെന്നു കരുതുന്നു. പോലീസിന് കടമകളും ഉത്തരവാദിത്വങ്ങളുമുണ്ട്. അത് ലംഘിക്കപ്പെട്ടാൽ പോലീസ് പോലീസാവില്ല. തമിഴ്‌നാട്ടിൽ വർധിച്ചു വരുന്ന കസ്റ്റഡിമരണങ്ങൾ പോലീസിന്റെ ക്രൂരതയിലേക്കാണ് വിരൽചൂണ്ടുന്നത്.

ചെന്നൈയിൽ പോലീസ് സ്റ്റേഷനുകളിൽ നീതി അകലെയാണെന്ന് എത്രയോ മലയാളികൾ വേദനയോടെ പറഞ്ഞിട്ടുണ്ട്. പണംവാങ്ങി കേസുകൾ ഒതുക്കുന്നത് പതിവുസംഭവങ്ങളാണ്. പണമുള്ളവർക്ക് ഏതുകേസിൽനിന്നും തലയൂരാമെന്ന സ്ഥിതിയാണ്. ജന സൗഹൃദമായിരിക്കണം പോലീസ്. എന്നാൽ പലപ്പോഴും വിപരീതമാണ്. ചെന്നൈയിൽ ട്രാഫിക് ലംഘനങ്ങൾ തടയുന്ന പോലീസുകാരിൽ നല്ലൊരു ഭാഗവും കൈക്കൂലിക്കാരാണെന്ന് ആരോപണമുണ്ട്. നിയമലംഘനം കണ്ടാൽ പിഴഈടാക്കാം. പക്ഷേ കൃത്യമായി രസീത് നൽകണം. എന്നാൽ രസീത് ബുക്ക് ഒളിപ്പിച്ചുവെച്ച് നിയമലംഘകരെ രഹസ്യമായി മാറ്റിനിർത്തി വിലപേശി പണംവാങ്ങി സ്വന്തം കീശയിലാക്കി കേസുകൾ ഒതുക്കിത്തീർക്കുന്നവരാണ് പലരും.

കോയമ്പേട് പച്ചക്കറിച്ചന്തയിൽ പോയാലും കാണാം പോലീസിന്റെ ചെയ്തികൾ. പൊരിവെയിലത്ത് കച്ചവടം നടത്തുന്നവരുടെ മുന്നിൽ നിന്നും ആവശ്യാനുസരണം പച്ചക്കറികൾ എടുക്കും. ഹോട്ടലുകളിൽ ആഹാരംകഴിച്ച് പണം നൽകാതെ പോകുന്ന പോലീസുകാരുണ്ട്. ചായക്കടകളിൽ നിന്നും ചായയും വടയും കഴിച്ച് ഉടമയെ രൂക്ഷമായി നോക്കിപ്പോകുന്ന പോലീസുകാരുണ്ട്. പണം ചോദിച്ചാൽ തുടർന്നങ്ങോട്ട് പലവിധ ഉപദ്രവങ്ങളായിരിക്കും. അതുഭയന്ന് പലരും മൗനം പാലിക്കും.

ആത്മാർഥതയുള്ളവരും സത്യസന്ധരുമായ പോലീസുകാർക്ക് അപമാനമാണ് ഇത്തരം കൈക്കൂലിപ്പോലീസുകാർ. പോലീസ് കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുമ്പോൾത്തന്നെ പോലീസിനെ അടക്കി നിർത്താനുംവേണം ഒരു സംവിധാനം. ഇവിടെ നിയമങ്ങൾക്ക് യാതൊരു കുറവുമില്ല. അതു കൃത്യമായി നടപ്പാക്കുന്നുണ്ടോയെന്ന് ഭരണകൂടം ശ്രദ്ധിക്കാറില്ല. അതുകൊണ്ടാണ് ഇത്തരം മോശം പ്രവണതകൾ കൂടിവരുന്നത്. യാതൊരു അതിമോഹങ്ങളില്ലാത്ത, നീതിക്കും മനഃസാക്ഷിക്കും വില കൽപ്പിക്കുന്ന എത്രയോ നല്ല പോലീസുകാരെയും കണ്ടിട്ടുണ്ട്. അവർ തൊഴിലിനെ മാനിക്കുന്നു. കാപട്യവും കള്ളത്തരവുമില്ലാത്ത അത്തരം ജനസേവകരെയാണ് വേണ്ടത്. ഇവരാണ് യഥാർഥ നിയമപാലകർ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..