അനധികൃത പണപ്പിരിവ് : കാർത്തിക് ഗോപിനാഥിനെതിരേ അന്വേഷണം തുടരാൻ അനുമതി


ചെന്നൈ : ക്ഷേത്രനവീകരണത്തിനെന്നു പറഞ്ഞ് അനധികൃതമായി പണം പിരിച്ചെന്ന കേസിൽ യുട്യൂബ് താരം എസ്. കാർത്തിക് ഗോപിനാഥിനെതിരേ അന്വേഷണം തുടരാൻ തമിഴ്‌നാട് പോലീസിന് മദ്രാസ് ഹൈക്കോടതി അനുമതി നൽകി. ഈ കേസിൽ അറസ്റ്റിലായ കാർത്തികിന് നേരത്തേ ജാമ്യം അനുവദിച്ചിരുന്നു.

ചിരുവച്ചൂരിലെ മധുര കാളിയമ്മൻക്ഷേത്രത്തിലെ വിഗ്രഹങ്ങൾ പുതുക്കിപ്പണിയാൻ എന്നുപറഞ്ഞ് എച്ച്. ആർ.ആൻഡ്.സി.ഇ. വകുപ്പിന്റെ അനുമതികൂടാതെ കാർത്തിക് 40 ലക്ഷംരൂപ പിരിച്ചെന്ന പരാതിയിൽ തമിഴ്‌നാട് പോലീസിന്റെ അന്വേഷണം തുടരുകയാണ്. തനിക്കെതിരായ എഫ്.ഐ.ആർ. റദ്ദാക്കണമെന്നാവശ്യപ്പെട്ട് കാർത്തിക് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. തെളിവു ഹാജരാക്കാൻ കുടുതൽ സമയം അനുവദിക്കണമെന്ന് പോലീസും ആവശ്യപ്പെട്ടു.

പോലീസിന്റെ ആവശ്യം തള്ളിയ ജസ്റ്റിസ് എൻ. സതീഷ്‌കുമാർ എഫ്.ഐ.ആർ. സ്റ്റേ ചെയ്യാൻ ആദ്യം നിർദേശം നൽകിയിരുന്നു. അങ്ങനെ ചെയ്താൽ തെളിവു ശേഖരണം നിലയ്ക്കുമെന്ന് സർക്കാർ അഭിഭാഷകൻ ഹസൻ മുഹമ്മദ് ജിന്ന കോടതിയെ അറിയിച്ചു. ഇതേത്തുടർന്നാണ് അന്വേഷണം തുടരാൻ കോടതി അനുമതി നൽകിയത്.

ഹിന്ദുത്വ ആശയങ്ങളുടെ പ്രചാരകനും ഡി.എം.കെ. സർക്കാരിന്റെ കടുത്ത വിമർശകനുമായ കാർത്തികിന്റെ ഇളയഭാരതം എന്ന യുട്യൂബ് ചാനലിന് രണ്ടു ലക്ഷത്തിലേറെ വരിക്കാരുണ്ട്. എട്ടുമാസംമുമ്പാണ് കാർത്തിക് ഗോപിനാഥ് ക്ഷേത്രനവീകരണത്തിന് സംഭാവനതേടി വീഡിയോ ഇറക്കിയത്. പിരിഞ്ഞുകിട്ടിയ പണം കാർത്തിക് സ്വന്തം ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത് എന്നാണ് ക്ഷേത്രത്തിന്റെ എക്സിക്യുട്ടീവ് ഓഫീസർ ടി. അരവിന്ദന്റെ പരാതിയിൽ പറയുന്നത്. ബി.ജെ.പി.യും സംഘപരിവാർ സംഘടനകളും കാർത്തികിന്റെ അറസ്റ്റിൽ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..