എ.ഐ.എ.ഡി.എം.കെ.യിലെ ഭിന്നത മുതലെടുക്കാൻ ബി.ജെ.പി.


ചെന്നൈ : എ.ഐ.എ.ഡി.എം.കെ.യിലെ ചേരിപ്പോര് മുതലെടുത്ത് തമിഴ്‌നാട്ടിൽ അടിത്തറ ഭദ്രമാക്കാൻ സഖ്യകക്ഷിയായ ബി.ജെ.പി. പദ്ധതിയിടുന്നു.

എ.ഐ.എ.ഡി.എം.കെ.യിൽ എടപ്പാടി പളനിസ്വാമി മേധാവിത്വമുറപ്പിക്കുമ്പോൾ മറുപക്ഷത്തുള്ള ഒ. പനീർശെൽവത്തെയും പാർട്ടിക്കുപുറത്തുള്ള ശശികലയെയും ഒപ്പംനിർത്താനാണ് ബി.ജെ.പി. ശ്രമിക്കുന്നത്.

സഖ്യകക്ഷിയാണെങ്കിലും പതുക്കെ ബി.ജെ.പി. തങ്ങളെ വിഴുങ്ങുമെന്ന ആശങ്ക നേരത്തേതന്നെ എ.ഐ.എ.ഡി.എം.കെ. നേതൃത്വത്തിനുണ്ട്. മുൻമന്ത്രി എ. പൊന്നയ്യൻ ഇക്കാര്യം തുറന്നുപറയുകയും ചെയ്തു.

വേറെയും നേതാക്കൾ ബി.ജെ.പി.ക്കെതിരേ പരസ്യവിമർശനമുയർത്തിയിരുന്നു. ബി.ജെ.പി.ക്കെതിരേ ശബ്ദമുയർത്തിയവരെല്ലാം ഇ.പി.എസ്. പക്ഷത്തുള്ളവരാണെന്നത് ശ്രദ്ധേയമാണ്.

ബി.ജെ.പി.യുടെ ഉപദേശമനുസരിച്ചാണ് ഒ.പി.എസ്. കരുക്കൾ നീക്കുന്നതെന്ന സംശയം അവർക്കുണ്ട്.

പാർട്ടി ജനറൽ കൗൺസിലിൽനിന്ന് ഇറങ്ങിപ്പോയ ഒ.പി.എസ്. ഡൽഹിയിൽ ബി.ജെ.പി. നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിനെ ആശങ്കയോടെയാണ് അവർ കാണുന്നത്. ശശികലയുടെ റോഡ് ഷോയ്ക്കു പിന്നിലും ബി.ജെ.പി.യുടെ കൈയുണ്ടെന്ന് അവർ സംശയിക്കുന്നു.

കർണാടകത്തിൽ ഐ.എ.എസ്. ഓഫീസറായിരുന്ന കെ. അണ്ണാമലൈ പാർട്ടി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റതുമുതൽ തമിഴ്‌നാട്ടിൽ ബി.ജെ.പി.യുടെ പ്രവർത്തനശൈലി മാറിയിട്ടുണ്ട്. അറുപതംഗങ്ങളുള്ള എ.ഐ.എ.ഡി.എം.കെ.യല്ല, നാല് അംഗങ്ങളുള്ള ബി.ജെ.പി.യാണ് സംസ്ഥാനത്ത് പ്രതിപക്ഷത്തിന്റെ ചുമതല നിർവഹിക്കുന്നതെന്ന് ബി.ജെ.പി. നിയസഭാകക്ഷി നേതാവ് നൈനാർ നാഗേന്ദ്രൻ തുറന്നടിക്കുകയും ചെയ്തു.

എ.ഐ.എ.ഡി.എം.കെ.യുമായുള്ള സഖ്യം നിലനിർത്തിക്കൊണ്ടുതന്നെ സംസ്ഥാനത്തെ തദ്ദേശതിരഞ്ഞെടുപ്പിൽ ബി.ജെ.പി. തനിച്ചുമത്സരിച്ചത് പാർട്ടിയെ ശക്തിപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ്. എ.ഐ.എ.ഡി.എം.കെ. തകർന്നാൽ സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷകക്ഷിയായി തങ്ങൾക്ക് വളരാനാവുമെന്നാണ് ബി.ജെ.പി.യുടെ കണക്കുകൂട്ടൽ.

എ.ഐ.എ.ഡി.എം.കെ.യിലെ ഭിന്നത ബി.ജെ.പി.ക്ക് ഗുണംചെയ്യുമെങ്കിലും സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷകക്ഷിയായി വളരാൻ അവർക്ക് എളുപ്പമാവില്ലെന്നാണ് രാഷ്ട്രീയനിരീക്ഷകർ കരുതുന്നത്. പതിറ്റാണ്ടുകളായി ദ്രാവിഡകക്ഷികളെ മാത്രമാണ് തമിഴ്ജനത പിന്തുണയ്ക്കുന്നത്.

ഹിന്ദുത്വകക്ഷിയായ ബി.ജെ.പി.യെ അവർ സംശയത്തോടെയാണ് കാണുന്നത്. എ.ഐ.എ.ഡി.എം.കെ.യിലെ ഒരുവിഭാഗത്തെ അടർത്തിയെടുക്കാനായാലും അവരുടെ സ്ഥാനം അപഹരിക്കുന്നത് അനായാസമാവില്ല.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..