ചെന്നൈ : തമിഴ്നാട് സർക്കാരിന്റെ കടാശ്വാസ പദ്ധതിയുടെ ആനുകൂല്യം പറ്റിയവരിൽ 37,984 പേർ അനർഹരാണെന്ന് കണ്ടെത്തി. ഇവരിൽനിന്ന് 160 കോടി രൂപ തിരിച്ചുപിടിക്കാൻ സഹകരണ രജിസ്ട്രാർ ഉത്തരവിട്ടു.
ഡി.എം.കെ. സർക്കാർ അധികാരമേറ്റതിനുശേഷം നവംബറിലാണ് സ്വർണം പണയംവെച്ച് വായ്പയെടുത്തവർക്ക് കടാശ്വാസം നൽകുന്ന പദ്ധതി പ്രഖ്യാപിച്ചത്. 6000 കോടി രൂപയാണ് ഇതിനു നീക്കിവെച്ചത്.
40 ഗ്രാംവരെ സ്വർണം പണയംവെച്ച് 2021 മാർച്ച് 31-ന് മുമ്പ് വായ്പയെടുത്തവരുടെ കടം എഴുതിത്തള്ളാനായിരുന്നു തീരുമാനം. 14 ലക്ഷത്തോളംപേർക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്നാണ് കണക്കാക്കിയത്.
വായ്പ എഴുതിത്തള്ളുന്നതിന് അർഹരായവരെ തിരഞ്ഞെടുക്കാനുള്ള മാനദണ്ഡങ്ങൾ ഈവർഷം ജനുവരിയിലാണ് തീരുമാനിച്ചത്.
ഇതനുസരിച്ച് സർക്കാർ ജീവനക്കാരുടെയോ സഹകരണവകുപ്പ് ജീവനക്കാരുടെയോ പെൻഷൻകാരുടെയോ കുടുംബാംഗങ്ങൾക്ക് ആനുകൂല്യം ലഭിക്കില്ല. 2021-ലെ കാർഷിക കടാശ്വാസത്തിന്റെ പ്രയോജനം ലഭിച്ചവരുടെ വായ്പയും എഴുതിത്തള്ളില്ല.
റേഷൻകാർഡും ആധാറും വായ്പയെടുക്കുന്നതിനുള്ള അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടില്ലാത്തവർക്കും ആനുകൂല്യം ലഭിക്കില്ല.
വായ്പയെടുത്തവരുടെ കുടുംബപശ്ചാത്തലം രേഖപ്പെടുത്തുന്ന സംവിധാനം സഹകരണബാങ്കുകളിൽ ഇല്ലാത്തതുകൊണ്ട് സ്വർണം പണയംവെച്ച ചെറുകിട വായ്പയെടുത്ത അപേക്ഷകരുടെയെല്ലാം കടം എഴുതിത്തള്ളി. പിന്നീടുനടന്ന പരിശോധനയിലാണ് അനർഹരായ 37,984 പേർ ആനുകൂല്യം നേടിയതായി കണ്ടെത്തിയത്.
ഇവരുടെ എഴുതിത്തള്ളിയ വായ്പത്തുക 160 കോടി രൂപ വരും. ഈ പണം ഉടൻ തിരിച്ചുപിടിക്കാനാണ് സഹകരണ രജിസ്ട്രാർ ഷണ്മുഖ സുന്ദരത്തിന്റെ ഉത്തരവ്.
തെറ്റായ വിവരങ്ങൾ നൽകി കടാശ്വാസം നേടിയവരിൽനിന്നെല്ലാം പണം തിരിച്ചുപിടിക്കുമെന്ന് സഹകരണവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..