കരുത്തുകാട്ടി ശശികലയുടെ റോഡ്ഷോ


• ‘ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് ഒറ്റനേതൃത്വം’

ഞായറാഴ്ച വി.കെ. ശശികല ചെന്നൈയിൽ റോഡ്ഷോ നടത്തിയപ്പോൾ

ചെന്നൈ : ഒറ്റനേതൃത്വത്തെച്ചൊല്ലി എ.ഐ.എ.ഡി.എം.കെ.യിൽ ഭിന്നത രൂക്ഷമായിരിക്കെ ഞായറാഴ്ച വി.കെ. ശശികല റോഡ്ഷോയ്ക്ക് തുടക്കംകുറിച്ചു. എ.ഐ.എ.ഡി.എം.കെ.യുടെ കൊടികെട്ടിയ വാഹനത്തിലായിരുന്നു യാത്ര. ചെന്നൈ ടി. നഗറിലെ വസതിയിൽനിന്ന് ഉച്ചയോടെ പുറപ്പെട്ട അവർ വിവിധ ഇടങ്ങളിൽ പാർട്ടിപ്രവർത്തകരെ കണ്ടു.

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞടുപ്പിനുമുമ്പ് എ.ഐ.എ.ഡി.എം.കെ.യെ ഒറ്റനേതൃത്വത്തിനുകീഴിൽ കൊണ്ടുവരുമെന്ന് തിരുത്തണിയിൽ പ്രവർത്തകരെ അഭിസംബോധനചെയ്ത് ശശികല പറഞ്ഞു.

ചെന്നൈയിലെ റോഡ്ഷോ ഒരു തുടക്കംമാത്രമാണെന്നും പാർട്ടിപ്രവർത്തകരെ കാണാൻ തമിഴ്‌നാട്ടിൽ ഉടനീളം പര്യടനം തുടരുമെന്നും ശശികല പ്രഖ്യാപിച്ചു.

‘പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഉത്തരവാദിത്വം എനിക്കുണ്ട്. എ.ഐ.എ.ഡി.എം.കെ.യെ വീണ്ടും അധികാരത്തിലെത്തിക്കും. എം.ജി.ആറിന്റെ വിയോഗശേഷം പാർട്ടിയിൽ സമാനമായ സാഹചര്യമുണ്ടായി. ജയലളിതയുടെ മരണശേഷവും അത് ആവർത്തിച്ചുവെന്നുമാത്രം. എ.ഐ.എ.ഡി.എം.കെ. എന്റെ നേതൃത്വത്തിൻ കീഴിലാവണമെന്ന് പ്രവർത്തകർ ആഗ്രഹിക്കുന്നു. ജനങ്ങളും എനിക്കൊപ്പമുണ്ട്.’ -ശശികല പറഞ്ഞു.

പുറത്താക്കപ്പെട്ടെങ്കിലും പാർട്ടി ജനറൽ സെക്രട്ടറി താനാണെന്ന് ആർക്കും നിഷേധിക്കാനാവില്ലെന്നും ശശികല അവകാശപ്പെട്ടു. എം.ജി.ആറിന്റെയും ജയലളിതയുടെയും ആദർശങ്ങൾ ജനങ്ങളിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ശശികല റോഡ്ഷോ സംഘടിപ്പിച്ചത്.

കോയമ്പേട്, പൂനമല്ലി, തിരുവള്ളൂർ റോഡ് വഴി തിരുത്തണിയിലെത്തിയശേഷം കോറമംഗലം, കെ.ജി. കണ്ടികൈ, എസ്.വി.ജി. പുരം, കൃഷ്ണകുപ്പം മേഖലകളിലെ പ്രവർത്തകരെ കണ്ടശേഷമാണ് ശശികല ചെന്നൈയിൽ തിരിച്ചെത്തിയത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..