ചെന്നൈ : കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കൂടിവരുമ്പോഴും പരിശോധനകൾ കൂട്ടാതെ ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് 25,000-ത്തോളം സാമ്പിളുകൾ മാത്രമാണ് പരിശോധിക്കുന്നത്. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ചെന്നൈയിൽ 7,000-ത്തോളം പേരുടെ സാമ്പിളുകളാണ് കഴിഞ്ഞദിവസം പരിശോധിച്ചത്. ദിവസം കോവിഡ് ബാധിക്കുന്നവരുടെ എണ്ണം 600-ന് മുകളിലാണ്.
ചെന്നൈയിൽ പോസിറ്റിവിറ്റി നിരക്ക് എട്ട് ശതമാനമാണ്. എന്നാൽ 11.1 ശതമാനം പോസിറ്റിവിറ്റി നിരക്കുള്ള ചെങ്കൽപ്പെട്ടിൽ 2399 പേരുടെ സാമ്പിളുകൾ മാത്രമാണ് കഴിഞ്ഞദിവസം പരിശോധിച്ചത്. 7.4 ശതമാനം പോസിറ്റിവിറ്റി നിരക്കുള്ള തിരുനെൽവേലിയിൽ ദിവസവും 390 പേരുടെ സാമ്പിളുകളും 6.3 ശതമാനം പോസിറ്റിവിറ്റി നിരക്കുള്ള തിരുവള്ളൂരിൽ 1128 പേരുടെ സാമ്പിളുകളുമാണ് പരിശോധിച്ചത്.
കഴിഞ്ഞ മൂന്ന് വ്യാപനങ്ങളിലും പരമാവധി പേരുടെ സാമ്പിളുകൾ പരിശോധിച്ചതിലൂടെയാണ് കോവിഡ് നിയന്ത്രണ വിധേയമാക്കിയത്. കോവിഡ് ബാധിക്കുന്നവരുടെ എണ്ണം ആയിരത്തിനുമുകളിലേക്ക് വർധിപ്പിച്ചപ്പോഴെല്ലാം 50,000 പേരുടെ സാമ്പിളുകൾ പരിശോധിച്ചിരുന്നു.
ഡെൽറ്റ വകഭേദത്തിന്റെ വ്യാപനത്തിന് ശേഷം പരിശോധനകളുടെ എണ്ണം 50,000 താഴേയ്ക്ക് പോയിരുന്നില്ല. പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 21 വരെ കുറഞ്ഞപ്പോൾ 11,000 പേരുടെ സാമ്പിളുകൾ പരിശോധിച്ചിരുന്നു. 1,400-ഓളം പേർക്ക് കഴിഞ്ഞ മൂന്നുദിവസമായി സംസ്ഥാനത്ത് കോവിഡ് ബാധിച്ചിട്ടുണ്ട്. എന്നാൽ പരിശോധനകളുടെ എണ്ണം 25,000-ന് മുകളിലേക്കു ഉയർത്താൻ അധികൃതർ തയ്യാറാകുന്നില്ല.
കോവിഡ് ബാധിച്ചവരുമായി സമ്പർക്കം പുലർത്തിയ പത്തുപേരെ പരിശോധിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.
എന്നാൽ മുൻ വ്യാപനങ്ങളിൽ അഞ്ചിലേറെ പേർക്ക് കോവിഡ് ബാധിച്ചാൽ ആ തെരുവിലെ എല്ലാ വീടുകളിലുള്ളവരുടെയും സാമ്പിളുകൾ പരിശോധിച്ച് കോവിഡ് ബാധിതരുണ്ടെങ്കിൽ ആശുപത്രിയിലോ വീടുകളിലോ സമ്പർക്ക വിലക്കിലാക്കുമായിരുന്നു.
1472 പേർക്കുകൂടി കോവിഡ്
ചെന്നൈ : സംസ്ഥാനത്ത് 1472 പേർക്കുകൂടി കോവിഡ് ബാധിച്ചു. 691 പേർ രോഗമുക്തരായി. 7458 പേരാണ് ചികിത്സയിലുള്ളത്. 25,821 പേരുടെ സാംപിളുകളാണ് പരിശോധിച്ചത്. ചെന്നൈയിൽ 624 പേർക്കാണ് രോഗം ബാധിച്ചത്. 329 പേർ രോഗമുക്തരായി. 3395 പേരാണ് ചികിത്സയിലുള്ളത്. ചെങ്കൽപ്പെട്ടിൽ 241 പേർക്കുകൂടി രോഗം ബാധിച്ചു. 118 പേർ രോഗമുക്തരായി. 1329 പേരാണ് ചികിത്സയിലുള്ളത്.
കോയമ്പത്തൂരിൽ 104 പേർക്ക് രോഗം ബാധിച്ചു. 22 രോഗമുക്തരായി. 429 പേരാണ് ചികിത്സയിലുള്ളത്. തിരുവള്ളൂരിൽ 85 പേർക്കു കൂടി രോഗം ബാധിച്ചു. 40 പേർ രോഗമുക്തരായി. 409 പേരാണ് ചികിത്സയിലുള്ളത്. കാഞ്ചീപുരത്ത് 49 പേർക്കും കന്യാകുമാരിയിൽ 39 പേർക്കും തിരുനെൽവേലിയിൽ 46 പേർക്കും തിരുച്ചിറപ്പള്ളിയിൽ 36 പേർക്കും തൂത്തുക്കുടിയിൽ 30 പേർക്കും രോഗം ബാധിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..