ചെന്നൈ : എ.ഐ.എ.ഡി.എം.കെ. മുഖപത്രമായ ‘നമത് അമ്മ’യിൽനിന്ന് ഒ. പനീർശെൽവത്തിന്റെ പേര് ഒഴിവാക്കി. പത്രത്തിന്റെ ശീർഷകത്തിനുതാഴെ സ്ഥാപകർ എന്ന് പനീർശെൽവത്തിന്റെയും എടപ്പാടി പളനിസ്വാമിയുടെയും പേരുകളാണ് കൊടുത്തിരുന്നത്. ഇപ്പോൾ പനീർശെൽവത്തിന്റെ പേര് ഒഴിവാക്കി പളനിസ്വാമിയുടെമാത്രം പേരാണ് നൽകിയിരിക്കുന്നത്.
ജൂലായ് 11-ന് ചേരുന്ന പാർട്ടി ജനറൽ കൗൺസിലിൽ പളനിസ്വാമിയെ ജനറൽ സെക്രട്ടറിയാക്കുന്നതിനുള്ള നീക്കത്തിന് മുന്നോടിയായിട്ടാണ് പാർട്ടി പത്രത്തിൽനിന്ന് ഒ.പി.എസിനെ (പനീർശെൽവം) വെട്ടിയത്. ഇ.പി.എസിനെ (എടപ്പാടി പളനിസ്വാമി) ജനറൽ സെക്രട്ടറിയായി അംഗീകരിക്കാൻ തയാറാകാത്ത ഒ.പി.എസിനെ പാർട്ടിയിൽനിന്ന് പൂർണമായും ഒഴിവാക്കാനാണ് നീക്കങ്ങൾ നടക്കുന്നത്.
ഒ.പി.എസ്. പാർട്ടിയുടെ കോ-ഓർഡിനേറ്ററല്ലെന്നും ഖജാൻജി മാത്രമാണെന്നുമാണ് കഴിഞ്ഞദിവസം മുതൽ ഇ.പി.എസ്. പക്ഷം പറയുന്നത്. കഴിഞ്ഞ ജനറൽ കൗൺസിൽ യോഗത്തോടെ കോ-ഓർഡിനേറ്റർ, സഹ കോ-ഓർഡിനേറ്റർ പദവികളുടെ കാലാവധി കഴിഞ്ഞുവെന്നാണ് ഇവരുടെ വാദം. മുൻമന്ത്രിമാർ അടക്കമുള്ള മുതിർന്ന നേതാക്കൾ ഒ.പി.എസിനെതിരേ ആരോപണങ്ങൾ ഉന്നയിക്കുന്നത് തുടരുകയാണ്. സ്വന്തം കുടുംബത്തിന്റെ കാര്യംമാത്രമാണ് ഒ.പി.എസ്. ഇതുവരെ നോക്കിയതെന്ന് മുൻമന്ത്രി ആർ.ബി. ഉദയകുമാർ ആരോപിച്ചു. സ്വന്തം നേട്ടംമാത്രമാണ് ലക്ഷ്യമിട്ടിരുന്നത്. പാർട്ടി പ്രവർത്തകർക്കുവേണ്ടി അദ്ദേഹം ഒന്നും ചെയ്തിട്ടില്ലെന്നും ആരോപിച്ചു. ഇതേസമയം ഒറ്റ നേതൃത്വം മതിയെന്ന വിഷയത്തിൽ പളനിസ്വാമി പക്ഷവുമായി ഒത്തുതീർപ്പിനില്ലെന്ന നിലപാടിൽ നിൽക്കുന്ന ഒ.പി.എസ്. ശക്തി തെളിയിക്കാൻ സംസ്ഥാന പര്യടനത്തിനും ഒരുങ്ങുകയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..