വിദ്യാർഥികളിൽ വർധന; വിദ്യാലയങ്ങളിൽഅടിസ്ഥാനസൗകര്യം കൂടിയില്ല


അധ്യാപകക്ഷാമം പരിഹരിക്കാൻ താത്കാലിക നിയമനത്തിന് നിർദേശം

ചെന്നൈ : കോവിഡ് മഹാമാരിക്കുശേഷം തമിഴ്‌നാട്ടിലെ സർക്കാർവിദ്യാലയങ്ങളിൽ വിദ്യാർഥികളുടെ എണ്ണം ഗണ്യമായി വർധിച്ചെങ്കിലും അതിനനുസരിച്ച് അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്താനായില്ല. അധ്യാപകക്ഷാമം പരിഹരിക്കുന്നതിന് കുറഞ്ഞകൂലിക്ക് 13,331 താത്‌കാലിക അധ്യാപകരെ നിയമിക്കാനാണ് സ്കൂൾവിദ്യാഭ്യാസ വകുപ്പിന്റെ നീക്കം.

സംസ്ഥാനത്തെ സർക്കാർസ്കൂളുകളിൽ രണ്ടുമുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികളുടെ എണ്ണത്തിൽ ആറുലക്ഷത്തിന്റെ വർധനയാണ് ഈ വർഷം രേഖപ്പെടുത്തിയത്. കുട്ടികളുടെ കുറവുമൂലം പൊതുവിദ്യാലയങ്ങൾ പലതും അടച്ചിടൽഭീഷണി നേരിട്ടിരുന്ന സാഹചര്യത്തിൽനിന്നാണ് ഈ മാറ്റം. സ്വകാര്യസ്കൂളുകൾ ഭീമമായതുക ഫീസായി ഈടാക്കുന്നതാണ് സർക്കാർവിദ്യാലയങ്ങളിലേക്കുള്ള കുട്ടികളുടെ ഒഴുക്കിനുള്ള പ്രധാന കാരണം.

കോവിഡിന്റെ സാമ്പത്തികപ്രതിസന്ധിക്കൊപ്പം സ്കൂൾഫീസുകൂടി താങ്ങാനാവില്ലെന്നു വന്നതോടെ പല രക്ഷിതാക്കളും മക്കളെ സർക്കാർ സ്കൂളുകളിലേക്ക് മാറ്റുകയായിരുന്നു. മിക്ക സർക്കാർവിദ്യാലയങ്ങളിലും 300 മുതൽ 400 വരെ കുട്ടികളുടെ വർധന ഉണ്ടായിട്ടുണ്ട്. 40 കുട്ടികളുണ്ടായിരുന്ന ക്ലാസ്‌മുറിയിൽ 60 കുട്ടികളെയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. സ്ഥലപരിമിതിമൂലം തമിഴ്‌നാട്ടിലെ ഒരു വിദ്യാലയത്തിൽ മരച്ചോട്ടിലിരുന്നാണ് അധ്യാപനം നടത്തുന്നത്. തമിഴ് നാട്ടിലെ 60 ശതമാനം സർക്കാർസ്കൂളുകളിൽ മാത്രമേ ശരിയായ അടിസ്ഥാനസൗകര്യങ്ങൾ നിലവിലുള്ളൂ എന്നാണ് കണക്ക്. മിക്കയിടത്തും അധ്യാപകരാണ് മറ്റുജോലികളും ചെയ്യുന്നത്.

ഇതും അധ്യയനനിലവാരത്തെ ബാധിക്കുന്നുണ്ട്. നിലവിൽ 30 കുട്ടികൾക്ക് ഒരധ്യാപകൻ എന്നതാണ് സ്കൂളുകളിലെ അനുപാതം. പ്രാഥമികതലത്തിൽ ഇത് 18 കുട്ടികൾക്ക് ഒരധ്യാപകൻ എന്ന നിലയിലേക്ക് മാറ്റണമെന്ന് ഈ രംഗത്തെ വിദഗ്ധർ ആവശ്യപ്പെടുന്നു.

അധ്യാപകക്ഷാമം പരിഹരിക്കാൻ താത്കാലികനിയമനം നടത്താൻ ചീഫ് എജ്യുക്കേഷൻ ഓഫീസർമാർക്ക് സ്കൂൾ വിദ്യാഭ്യാസവകുപ്പ് നിർദേശം നൽകിയതിനോട് സമ്മിശ്രപ്രതികരണമാണ്. സ്കൂൾമാനേജ്‌മെന്റ് കമ്മിറ്റിക്കാണ് നിയമനച്ചുമതല.

കമ്മിറ്റിയിൽ രക്ഷിതാക്കൾ ഉൾപ്പെടുന്നതിനാൽ കുട്ടികളുടെ വിദ്യാഭ്യാസം കണക്കിലെടുത്ത് മികച്ച അധ്യാപകരെയാവും തിരഞ്ഞെടുക്കുകയെന്നാണ് പ്രതീക്ഷ. എന്നാൽ, താത്കാലിക അധ്യാപകർക്ക് മാസം 7,500 രൂപമുതൽ 12,000 രൂപവരെയാണ് വേതനമായി നിശ്ചയിച്ചത്. ഇത് കുറവാണെന്നും ഈ തുകയ്ക്ക് മികച്ച അധ്യാപകരെ കിട്ടില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

സർക്കാർസ്കൂളുകളിലെ ശുചിത്വം മെച്ചപ്പെടുത്തുന്നതിനായി 100 കോടി രൂപയും അടിസ്ഥാനസൗകര്യവികസനത്തിനായി 7000 കോടി രൂപയും സംസ്ഥാന ബജറ്റിൽ അനുവദിച്ചിട്ടുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..