ചെന്നൈ : ചെന്നൈയിൽ ബംഗ്ലാദേശി യുവാവിന്റെ അറസ്റ്റിനുപിന്നാലെ വ്യാജ പാസ്പോർട്ട് റാക്കറ്റിനെക്കുറിച്ച് പ്രത്യേക പോലീസ്സംഘം അന്വേഷണം ശക്തമാക്കി. കേളമ്പാക്കത്തെ ചായക്കടയിൽ ജോലിചെയ്യുകയായിരുന്ന ബംഗ്ലാദേശ് സ്വദേശി രാംജൻ ഹുസൈൻ (39), ചെന്നൈയിലെ ട്രാവൽ ഏജന്റ് ഗിരിധരൻ (44) എന്നിവരാണ് വെള്ളിയാഴ്ച അറസ്റ്റിലായത്. രാംജൻ ഹുസൈനെപ്പോലെ വ്യാജ പാസ്പോർട്ടുമായി കൂടുതൽ വിദേശികൾ തമിഴ്നാട്ടിൽ താമസിക്കുന്നുണ്ടോയെന്ന കാര്യത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തും. ഗിരിധർ മുഖേന വ്യാജ പാസ്പോർട്ട് നേടിയത് രാംജൻ മാത്രമാണോ ഇത്തരം കൂടുതൽ സംഭവങ്ങൾ നടന്നിട്ടുണ്ടോയെന്നും വിവിധ കോണുകളിൽ അന്വേഷിക്കുന്നുണ്ട്.
ചെന്നൈ, മധുര, തിരുച്ചിറപ്പള്ളി, കോയമ്പത്തൂർ എന്നിവിടങ്ങളിലെ ട്രാവൽ ഏജൻസികൾ വ്യാജ പാസ്പോർട്ട് റാക്കറ്റുകളിലെ കണ്ണികളാണോ എന്നും അന്വേഷിക്കും. സംശയാസ്പദമായ സാഹചര്യത്തിൽ ഒ.എം.ആറിലെ ചായക്കടയിൽവെച്ചാണ് രാംജൻ ഹുസൈനെ അറസ്റ്റുചെയ്തത്. അജ്ഞാതസ്രോതസ്സിൽനിന്ന് ആധാറും പാൻകാർഡും നേടിയ ശേഷം 10,000 രൂപ നൽകി ഗിരിധറിൽനിന്ന് ഇയാൾ വ്യാജ പാസ്പോർട്ട് സംഘടിപ്പിക്കുകയായിരുന്നുവെന്നാണ് മൊഴി നൽകിയിട്ടുള്ളത്. രാംജനെ പരിശോധിച്ചപ്പോൾ ബംഗ്ലാദേശ് പാസ്പോർട്ടും ഇന്ത്യൻ പാസ്പോർട്ടും കണ്ടെത്തി. ഒമ്പതുമാസംമുമ്പ് ബംഗ്ലദേശിൽനിന്ന് കൊൽക്കത്തയിലെത്തിയ രാംജൻ അവിടെനിന്ന് തീവണ്ടിയിൽ ചെന്നൈയിലെത്തി കേളമ്പാക്കത്തെ ചായക്കടയിൽ ജോലി തരപ്പെടുത്തിയെന്നും പോലീസ് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..