വിദ്യാർഥികളില്ല; 16 കോളേജുകൾ എം.ഇ. കോഴ്‌സ് നിർത്തുന്നു


ചെന്നൈ : ആവശ്യത്തിന് വിദ്യാർഥികളില്ലാത്തതുകാരണം സംസ്ഥാനത്തെ 16 എൻജിനിയറിങ് കോളേജുകൾ മാസ്റ്റർ ഇൻ എൻജിനിയറിങ് (എം.ഇ.) കോഴ്‌സുകൾ നിർത്തുന്നു. സംസ്ഥാനത്തെ എൻജിനിയറിങ് കോളേജുകളിലെ എം.ഇ. സീറ്റുകളുടെ 85 ശതമാനവും കഴിഞ്ഞവർഷം ഒഴിഞ്ഞുകിടക്കുകയായിരുന്നു.

അണ്ണാ സർവകലാശാലയിൽ അഫിലിയേറ്റുചെയ്ത 16 കോളേജുകളാണ് കോഴ്‌സുകൾ അവസാനിപ്പിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകിയത്. പവർ ഇലക്‌ട്രോണിക്‌സിലെ എം.ഇ. കോഴ്‌സ് അവസാനിപ്പിക്കാനാണ് അഞ്ചു കോളേജുകൾ അപേക്ഷ നൽകിയത്. പവർ സിസ്റ്റം എൻജിനിയറിങ് കോഴ്‌സുകളാണ് നാലു കോളേജുകൾ അവസാനിപ്പിക്കുന്നത്. രണ്ടു കോളേജുകൾ പവർ സിസ്റ്റം എൻജിനിയറിങ് കോഴ്‌സ് ആണ് നിർത്തുന്നത്. കംപ്യൂട്ടർ സയൻസ് എൻജിനിയറിങ്ങിലെ എം.ഇ. കോഴ്‌സുകളാണ് അഞ്ച് കോളേജുകൾ നിർത്തുന്നത്.

ഇവയിൽ മിക്ക കോഴ്‌സുകളും കാലഹരണപ്പെട്ടതാണെന്ന് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. കംപ്യൂട്ടർ സയൻസ് എം.ഇ. കോഴ്‌സിന് കുട്ടികളില്ലെങ്കിലും ഇതിലെ ബി.ഇ. കോഴ്‌സിന് ആവശ്യക്കാരുണ്ട്. കംപ്യൂട്ടർ സയൻസിൽ ബിരുദമെടുക്കുന്ന വിദ്യാർഥികൾ ബിരുദാനന്തര ബിരുദത്തിന് നിൽക്കാതെ ജോലിക്കു പോകുന്നതുകൊണ്ടാണ് എം.ഇ. സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നത്. സംസ്ഥാനത്തെ വിവിധ കോളേജുകളിലായി 10,000 എം.ഇ. സീറ്റുകളാണ് നിലവിലുള്ളത്. കഴിഞ്ഞ വർഷം 3073 പേർ മാത്രമാണ് ഇതിന് അപേക്ഷിച്ചത്. അതിൽ 1659 പേർക്കാണ് പ്രവേശനം നൽകിയത്. ബാക്കി സീറ്റുകൾ ഒഴിഞ്ഞുകിടന്നു.

വിദ്യാർഥികൾ കുറവായതുകാരണം ഈ വർഷം സംസ്ഥാനത്ത് 10 എൻജിനിയറിങ് കോളേജുകളാണ് പൂട്ടുന്നത്. സംസ്ഥാനത്തെ 1135 എൻജിനിയറിങ് കോളേജുകളിലായി 1,51,871 സീറ്റുകളാണുള്ളത്.

കഴിഞ്ഞവർഷം ഇതിൽ 56,802 സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയായിരുന്നു. 81 കോളേജുകൾക്ക് 20 ശതമാനം സീറ്റിലേക്കുപോലും കുട്ടികളെ കിട്ടിയില്ല. 50 ശതമാനം സീറ്റിലേക്കെങ്കിലും കുട്ടികളെ കിട്ടിയിലെങ്കിൽ സ്വാശ്രയ എൻജിനിയറിങ് കോളേജുകൾക്ക് പിടിച്ചുനിൽക്കാനാവില്ല. ഈ സാഹചര്യത്തിലാണ് ചില കോളേജുകൾ പ്രവർത്തനം അവസാനിപ്പിക്കാൻ നിർബന്ധിതരായത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..