ചെന്നൈ : കൊലപാതക ഗൂഢാലോചനയുമായി നഗരത്തിലെ ലോഡ്ജിൽ ഒളിച്ചുതാമസിച്ച ആറു വിദ്യാർഥികൾ ഉൾപ്പെടെ 14 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് കഞ്ചാവും മാരകായുധങ്ങളും പിടിച്ചെടുത്തു.
ട്രിപ്ലിക്കേൻ വാലാജ റോഡിലെ ഒരു ലോഡ്ജിൽ നിന്നാണ് പിടികൂടിയത്. സംശയാസ്പദമായ സാഹചര്യത്തിൽ ലോഡ്ജിൽ ഒരുസംഘം ആളുകൾ താമസിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്. രണ്ടു മുറികളിലായാണ് 14 പേർ താമസിച്ചിരുന്നത്.
രണ്ടു കിലോ കഞ്ചാവ്, അരിവാൾ, വെട്ടുകത്തികൾ, തുടങ്ങിയവ പിടിച്ചെടുത്തു. കഴിഞ്ഞവർഷം നടന്ന ഒരു കൊലപാതകത്തിന് പ്രതികാരം വീട്ടാനുള്ള ശ്രമത്തിലായിരുന്നു ഇവരെന്ന് പോലീസ് പറഞ്ഞു. ഓട്ടോഡ്രൈവർ ശരത്കുമാർ, ഭരത്കുമാർ, സായ്കാന്ത്, ദില്ലിബാബു, ശങ്കർരാജ എന്നിവരാണ് സംഘത്തിനു നേതൃത്വം നൽകിയിരുന്നത്. ഓൾഡ് വാഷർമെൻപേട്ടിലെ ഒമ്പത് ആൺകുട്ടികളാണ് സഹായികൾ.
ഇവരിൽ ആറു സ്കൂൾ കുട്ടികളും ഒരു കോളേജ് വിദ്യാർഥിയുമാണുളളത്. ഞായറാഴ്ച രാവിലെ ട്രിപ്ലിക്കേനിലെ ഒരാളെ കൊല്ലാൻ ഇവർ തയ്യാറെടുപ്പു നടത്തുകയായിരുന്നു. പോലീസ് പിടിയിലായതോടെ ആ ശ്രമം ഫലിച്ചില്ല. വിദ്യാർഥികൾ പണവും ആഡംബര ജീവിതവും മോഹിച്ചാണ് ഈ സംഘത്തോടൊപ്പം ചേർന്നതെന്നാണ് അന്വേഷണത്തിൽ വ്യക്തമായതെന്ന് പോലീസ് വ്യക്തമാക്കി.
ഇവർ നേരത്തെ മറ്റേതെങ്കിലും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നോയെന്നും ഇവർക്കു പിന്നിൽ ആരൊക്കെയുണ്ടെന്നും പോലീസ് അന്വേഷിച്ചു വരികയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..