മധുരമീനാക്ഷി ക്ഷേത്രത്തിലെ ആനയെ ചികിത്സിക്കാനെത്തിയ തായ്ലൻഡ് സംഘവുമായി തമിഴ്നാട് ധനമന്ത്രി പളനിവേൽ ത്യാഗരാജൻ ചർച്ച നടത്തുന്നു
ചെന്നൈ : മധുരമീനാക്ഷി ക്ഷേത്രത്തിലെ നേത്രരോഗം ബാധിച്ച ആനയെ ചികിത്സിക്കാൻ തായ്ലൻഡിൽനിന്നുള്ള സംഘം. ബാങ്കോക്കിലെ കാർഷിക സർവകലാശാലയായ കസെറ്റ്സാർട്ട് സർവകലാശാലയിൽനിന്നുള്ള ഏഴംഗസംഘമാണ് മധുരയിലെത്തിയത്. 24 വയസ്സുള്ള പാർവതി എന്ന പിടിയാനയ്ക്കാണ് നേത്രരോഗം ബാധിച്ചത്.
ആനയുടെ ഇടതുകണ്ണിന് തിമിരം ബാധിച്ച് കാഴ്ചനഷ്ടമായി. ചികിത്സകൊണ്ട് കാര്യമായ മാറ്റമില്ലാത്തതിനാൽ തമിഴ്നാട് ധനമന്ത്രി പളനിവേൽ ത്യാഗരാജന്റെ നേതൃത്വത്തിൽ വിദേശത്തുനിന്ന് മെഡിക്കൽ സംഘത്തെയെത്തിക്കാൻ നടപടിയെടുക്കുകയായിരുന്നു.
ആറുവർഷംമുമ്പ് ഇടതുകണ്ണിന് ചെറിയ പ്രശ്നമുണ്ടായിരുന്നു. ഇപ്പോൾ വലതുകണ്ണിന്റെ കാഴ്ചയെയും ബാധിച്ചുവെന്ന് മന്ത്രി പറഞ്ഞു. വിദഗ്ധ ചികിത്സയ്ക്കായി ബാങ്കോക്കിൽനിന്ന് ഡോ.നിക്രോൺ തോങിത്തിപ്പിന്റെ നേതൃത്വത്തിലുള്ള സംഘമാണെത്തിയത്. ആനയെ പരിശോധിച്ച സംഘം ശസ്ത്രക്രിയ നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. എന്നാൽ, ശസ്ത്രക്രിയയ്ക്കുശേഷം കണ്ണിന് അണുബാധയുണ്ടാകാതെ സംരക്ഷിക്കുന്നത് എളുപ്പമാവില്ലെന്നാണ് വിലയിരുത്തൽ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..