ശബ്ദമലിനീകരണം: സിറ്റി പോലീസ്ബോധവത്കരണം ആരംഭിച്ചു


ചെന്നൈ : ശബ്ദമലിനീകരണത്തിനെതിരേ സിറ്റി പോലീസ് ബോധവത്കരണം ആരംഭിച്ചു. യാത്രയ്ക്കിടയിൽ വാഹനങ്ങൾ ഹോൺ മുഴക്കുന്നത് മറ്റ് വാഹനയാത്രക്കാർക്ക് ഒട്ടേറെ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. ഇത് പലപ്പോഴും വാഹനയാത്രക്കാർക്കിടയിൽ തർക്കമുണ്ടാകാൻ കാരണമാകുന്നതായി സിറ്റി പോലീസ് കമ്മിഷണർ ശങ്കർ ജിവാൽ പറഞ്ഞു. കൂടാതെ വയോധികരിൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നതിനും കാരണമാകുന്നു. ചിലർക്ക് ഉറക്കപ്രശ്നങ്ങളും അസ്വസ്ഥതകളുമുണ്ടാക്കുന്നുണ്ട്. അന്തരീക്ഷത്തിലെ ശബ്ദ മലിനീകരണത്തിൽ മോട്ടോർ വാഹനങ്ങൾക്കും അവയുടെ ഹോൺ മുഴക്കലിനും പ്രധാന പങ്കുണ്ട് - കമ്മിഷണർ പറഞ്ഞു. ഹോൺശബ്ദം മുഴക്കാതെ വാഹനമോടിക്കണമെന്ന നിയമം പല സംസ്ഥാനങ്ങളും കർക്കശമായി നടപ്പാക്കിത്തുടങ്ങി. ഹോൺ മുഴക്കുമ്പോൾ ശബ്ദ മലിനീകരണത്തോടൊപ്പം വാഹനാപകടത്തിനും കാരണമാകുന്നു. ഹോൺ മുഴക്കാതെ വാഹനങ്ങൾ ഓടിക്കണമെന്ന സന്ദേശവുമായി ഒരാഴ്ചക്കാലം നഗരത്തിലെ പ്രധാന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ബോധവത്കരണം നടത്തുമെന്നും സിറ്റി പോലീസ് കമ്മിഷണർ പറഞ്ഞു.

അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ വിവിധയിടങ്ങളിലായി വാഹനമോടിക്കുന്നവരെ പങ്കെടുപ്പിച്ച് പ്രതിജ്ഞയെടുപ്പിക്കും. ട്രാഫിക്ക് സിഗ്നലുകളിൽവെച്ച് ശബ്ദമലിനീകരണത്തിനെതിരേ പ്രവർത്തിക്കേണ്ട ആവശ്യകതയെക്കുറിച്ച് പ്രചാരണംനടത്തും. സ്കൂൾ വിദ്യാർഥികളെ പങ്കെടുപ്പിച്ച് ചിത്രരചന നടത്തും.

1200 റോഡുകളിലും 100 ട്രാഫിക്ക് സിഗ്നലുകളിലും വിദ്യാർഥികളെ പങ്കെടുപ്പിച്ച് ബോധവത്കരണം നടത്തും. 150 കവലകളിൽ ബോധവത്കരണത്തിനായി ബാനറുകൾ ഉയർത്തും. സാമൂഹിക മാധ്യമങ്ങളിലും പ്രചാരണം നടത്തുമെന്നും പോലീസ് കമ്മിഷണർ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..