ചെന്നൈ : ഓൺലൈൻ റമ്മിയും ചൂതാട്ടങ്ങളും നിരോധിക്കുന്നതിന് ഓർഡിനൻസ് പുറപ്പെടുവിക്കുന്നതു സംബന്ധിച്ച ശുപാർശകൾ നിർദേശിക്കാൻ നിയമിതരായ ജസ്റ്റിസ് കെ. ചന്ദ്രു സമിതി തിങ്കളാഴ്ച മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് റിപ്പോർട്ട് സമർപ്പിച്ചു. തിങ്കളാഴ്ചതന്നെ മന്ത്രിസഭാ യോഗം ചേർന്ന് റിപ്പോർട്ട് ചർച്ചചെയ്ത സർക്കാർ വൈകാതെ നിയമനിർമാണം നടത്തുമെന്നാണ് അറിയുന്നത്.
ഓൺലൈൻ റമ്മികളിച്ച് ലക്ഷങ്ങൾ നഷ്ടപ്പെട്ടവർ ആത്മഹത്യചെയ്ത സംഭവത്തെത്തുടർന്നാണ് സർക്കാർ അടിയന്തര നിയമനിർമാണത്തിന് തീരുമാനിച്ചത്. ഓൺലൈൻ റമ്മിയുടെ അപകടങ്ങളെക്കുറിച്ചും അത് സമൂഹത്തിലുണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ചും പഠിച്ച് റിപ്പോർട്ട് നൽകാൻ ജൂൺ 10-നാണ് സമിതിയെ നിയമിച്ചത്. ജസ്റ്റിസ് ചന്ദ്രുവിനുപുറമേ മദ്രാസ് ഐ.ഐ.ടി.യിലെ ഡോ. ശങ്കര രാമൻ, സ്നേഹ ഫൗണ്ടേഷൻ സ്ഥാപകയും മനോരോഗ വിദഗ്ധയുമായ ലക്ഷ്മി വിജയകുമാർ, അഡീഷണൽ ഡി.ജി.പി. വിനീത് വാംഖഡെ എന്നിവരാണ് സമിതി അംഗങ്ങൾ. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു നിർദേശം.
ഓൺലൈൻ ചൂതാട്ടം നിരോധിച്ചുകൊണ്ട് എ.ഐ.എ.ഡി.എം.കെ. സർക്കാർ 2020-ൽ ഓർഡിനൻസ് പുറപ്പെടുവിച്ചിരുന്നെങ്കിലും അത് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. മതിയായ തയ്യാറെടുപ്പുകൂടാതെ കൊണ്ടുവന്ന ഓർഡിനൻസ് പഴുതുകൾ നിറഞ്ഞതാണെന്നും ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുള്ളതാണെന്നും ചൂണ്ടിക്കാണിച്ചായിരുന്നു അത്. ഈ അപാകം ആവർത്തിക്കാതിരിക്കാനാണ് സ്റ്റാലിൻ സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ച് അവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമനിർമാണത്തിനൊരുങ്ങുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..