എ.ഐ.എ.ഡി.എം.കെ. ഭാരവാഹിത്വം : പനീർശെൽവത്തെ മാറ്റും


• എടപ്പാടിക്ക് താത്കാലിക ചുമതല നൽകിയേക്കും

എ.ഐ.എ.ഡി.എം.കെ. ആസ്ഥാനത്തെ ബാനറിൽനിന്ന്ഒ. പനീർശെൽവത്തിന്റെ ചിത്രം കീറിമാറ്റുന്ന എടപ്പാടി പളനിസ്വാമിപക്ഷം പ്രവർത്തകൻ

ചെന്നൈ : എ.ഐ.എ.ഡി.എം.കെ.യുടെ ഭാരവാഹിത്വത്തിൽനിന്ന് ഒ. പനീർശെൽവത്തെ മാറ്റാൻ നീക്കംതുടങ്ങി. പകരം എടപ്പാടി പളനിസ്വാമിക്ക് ജനറൽ സെക്രട്ടറിയുടെ താത്കാലിക ചുമതല നൽകാനാണൊരുങ്ങുന്നത്. തിങ്കളാഴ്ച പാർട്ടി ആസ്ഥാനത്ത് പനീർശെൽവമില്ലാതെ ഭാരവാഹികളുടെ യോഗംചേർന്നു. പനീർശെൽവത്തെ ഒഴിവാക്കാനും പളനിസ്വാമിക്ക് താത്കാലിക ചുമതല നൽകാനും ഈ യോഗത്തിൽ ധാരണയിലെത്തിയെന്നാണ് വിവരം.

അടുത്തമാസം നടക്കുന്ന ജനറൽ കൗൺസിൽ നടത്തിപ്പിനെക്കുറിച്ച് ആലോചിക്കാനാണ് യോഗംചേർന്നതെന്നും ഇതിലെടുത്ത തീരുമാനം പിന്നീടറിയിക്കുമെന്നും മുതിർന്നനേതാവ് ഡി. ജയകുമാർ പറഞ്ഞു. യോഗത്തിൽ 74 അംഗങ്ങളിൽ 65 പേർ പങ്കെടുത്തു. നാലുപേർക്ക് ആരോഗ്യപ്രശ്നംകാരണം പങ്കെടുക്കാനായില്ല. ഇതുകൂടാതെ പനീർശെൽവം അടക്കം അഞ്ചുപേരും യോഗത്തിനെത്തിയില്ല.

കഴിഞ്ഞാഴ്ച നടന്ന ജനറൽ കൗൺസിൽ യോഗത്തോടെ കോ-ഓർഡിനേറ്റർ (പനീർശെൽവം), സഹ കോ-ഓർഡിനേറ്റർ (പളനിസ്വാമി) എന്നീ സ്ഥാനങ്ങളുടെ കാലാവധി അവസാനിച്ചെന്നാണ് പളനിസ്വാമിപക്ഷത്തിന്റെ വാദം. ജയലളിതയുടെ കാലത്തെപ്പോലെ, നിലവിൽ പനീർശെൽവം ഖജാൻജിയും പളനിസ്വാമി ആസ്ഥാന സെക്രട്ടറിയുമാണെന്നും ഇവർ പറയുന്നു. പളനിസ്വാമിയെ ഖജാൻജി സ്ഥാനത്തുനിന്നുകൂടി ഒഴിവാക്കാനാണ് ആലോചനകൾ നടത്തുന്നത്.

പനീർശെൽവം ഖജാൻജിയായി തുടരുമോ അതോ ഇൗ സ്ഥാനത്തുനിന്ന് നീക്കുമോയെന്ന് 11-ന് നടക്കുന്ന ജനറൽ കൗൺസിൽ യോഗത്തിനുശേഷം അറിയാമെന്ന് ജയകുമാർ പറഞ്ഞു.

ജനറൽ കൗൺസിൽ യോഗം ബഹിഷ്കരിച്ചതിനുശേഷം ഡൽഹിയിൽ ബി.ജെ.പി. ദേശീയനേതൃത്വത്തെ കണ്ട പനീർശെൽവം പിന്നീട് ഞായറാഴ്ച സ്വന്തംസ്ഥലമായ തേനിയിലേക്ക് പോയിരുന്നു. ഇതിനടുത്തദിവസം പളനിസ്വാമിപക്ഷം ചെന്നൈ റോയപ്പേട്ടയിലുള്ള ആസ്ഥാനത്ത് ഭാരവാഹികളുടെ യോഗം വിളിച്ചുചേർക്കുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരത്തോടെ ചെന്നൈയിൽ തിരിച്ചെത്തിയെങ്കിലും യോഗത്തെക്കുറിച്ച് പനീർശെൽവം പ്രതികരിച്ചില്ല.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..