മയക്കുമരുന്ന്: കർശന നടപടിയുമായി പോലീസ്


വിദേശ വിദ്യാർഥികളെ പോലീസ് നിരീക്ഷിക്കുന്നു

ചെന്നൈ : മയക്കുമരുന്ന് കേസുകൾ പെരുകുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടിൽ പോലീസ് നടപടികൾ കർക്കശമാക്കി. മയക്കുമരുന്ന് ഇടപാടുകൾ നടത്തുന്നവരെ കണ്ടെത്താനും പിടികൂടാനും സംസ്ഥാന പോലീസ് മേധാവി സി. ശൈലേന്ദ്രബാബു നിർദേശം നൽകിയിട്ടുണ്ട്.

കോളേജുകളിലെയും സ്കൂളുകളിലെയും ഒട്ടേറെ വിദ്യാർഥികൾ മയക്കുമരുന്ന് വിൽപ്പനയുടെ ഇടനിലക്കാരായും പിന്നീട് മയക്കുമരുന്നിന് അടിമകളായും മാറുന്നുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് 60 ശതമാനത്തിലധികം റോഡപകടങ്ങൾക്കും കാരണം മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് വാഹനമോടിക്കുന്നതാണെന്ന് അടുത്തിടെ പോലീസ് നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. കൊലപാതകങ്ങളിലും ബലാത്സംഗങ്ങളിലും മയക്കുമരുന്ന് പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ മയക്കുമരുന്ന് സംഘങ്ങളെ അടിച്ചമർത്തുന്നതിന് പ്രത്യേക സംഘം രൂപവത്കരിച്ചത്.

സംസ്ഥാനത്തെ സർവകലാശാലകളിൽ കേന്ദ്രസർക്കാരിന്റെ എക്സ്‌ചേഞ്ച് പ്രോഗ്രാമുകൾക്കു കീഴിൽ പഠിക്കുന്ന വിദേശ വിദ്യാർഥികളെ പോലീസ് നിരീക്ഷിക്കുന്നുണ്ട്. കേരളത്തിൽ നടത്തിയ തിരച്ചിലിനിടെ ഘാന സ്വദേശി പിടിയിലായ പശ്ചാത്തലത്തിലാണിത്.

എൽ.ടി.ടി.ഇ.യുടെ മുൻ രഹസ്യാന്വേഷണവിഭാഗം പ്രവർത്തകനെ 2021 ഒക്ടോബറിൽ മയക്കുമരുന്ന് കടത്തിയതിന് പിടിച്ചതും പോലീസ് ഗൗരവത്തിലെടുത്തിട്ടുണ്ട്.

മയക്കുമരുന്ന് മാഫിയയെ അടിച്ചമർത്തുന്നതിൽ സംസ്ഥാന പോലീസ് അലംഭാവം കാണിക്കുകയാണെന്ന് ബി.ജെ.പി. തമിഴ്നാട് ഘടകം പ്രസിഡന്റ് കെ. അണ്ണാമലൈ കുറ്റപ്പെടുത്തിയിരുന്നു. എ.ഐ.എ.ഡി.എം.കെ.യും പോലീസിനെ വിമർശിച്ചിട്ടുണ്ട്.

ചെന്നൈ സിറ്റി പോലീസ് കമ്മിഷണർ ശങ്കർ ജിവാളിന്റെ സാന്നിധ്യത്തിൽ 68 കേസുകളിലായി പിടിച്ചെടുത്ത രണ്ടുകോടി രൂപ വിലമതിക്കുന്ന 1300 കിലോ കഞ്ചാവ് പ്രിൻസിപ്പൽ സ്പെഷ്യൽ കോടതി ഉത്തരവിനെത്തുടർന്ന് കഴിഞ്ഞ ദിവസം നശിപ്പിച്ചിരുന്നു.

68 കേസുകളിൽ 55 എണ്ണത്തിലും വിചാരണ പൂർത്തിയായി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..