യുവാവ് വിഷംകഴിച്ചു മരിച്ചു; പോലീസ് പീഡനമെന്ന് ബന്ധുക്കൾ


ചെന്നൈ : യുവാവ് മരിച്ചത് പോലീസ് കസ്റ്റഡിയിലെ പീഡനം കാരണമെന്നാരോപിച്ച് ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. കന്യാകുമാരിയിലെ കുലശേഖരത്താണ് സംഭവം.

വിഷംകഴിച്ചതിനെത്തുടർന്ന് കന്യാകുമാരി ജില്ലാ ആശുപത്രിയിൽ മരണമടഞ്ഞ അജിത്തി (22) നെ കടുംകൈക്ക്‌ പ്രേരിപ്പിച്ചത് പോലീസ് സ്റ്റേഷനിലെ പീഡനമാണെന്ന്‌ ബന്ധുക്കളും പ്രതിപക്ഷ എ.ഐ.എ.ഡി.എം.കെയും ബി.ജെ.പിയും ആരോപിച്ചു. ജൂൺ 23-ന് അജിത്തിനെ കുലശേഖരം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നെന്നും അവിടത്തെ പീഡനത്തിൽ മനംനൊന്താണ് അജിത് വിഷം കഴിച്ചതെന്നും ബന്ധുക്കൾ പറയുന്നു. ജൂൺ 25-നാണ് അജിത് മരണമടഞ്ഞത്.

എന്നാൽ അജിത്തിനെ മർദിച്ചെന്ന പരാതി പോലീസ് നിഷേധിച്ചിട്ടുണ്ട്. മൊബൈൽ ഫോൺ മറന്നുവെച്ചെന്ന് പറഞ്ഞ് അജിത് 23-ന് കുലശേഖരം പോലീസ് സ്റ്റേഷനിൽ വന്നിരുന്നെന്ന് പോലീസ് സമ്മതിക്കുന്നുണ്ട്. പിന്നീട് വന്നത് വിഷംകഴിച്ചെന്ന് പറയാനാണ്. ഉടൻ ജില്ലാ ആശുപത്രിയിലെത്തിച്ചു. പോലീസ് സ്റ്റേഷനിലെ സി.സി.ടി.വി. ക്യമാമറകളിൽനിന്ന് ഇക്കാര്യം വ്യക്തമാണെന്ന് പോലീസ് പറയുന്നു.

അജിത്തിന്റെ മരണത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ കക്ഷികളും മനുഷ്യാവകാശ സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്. ഏപ്രിൽ, മേയ് മാസങ്ങളിലുണ്ടായ രണ്ട് കസ്റ്റഡി മരണങ്ങൾ സംസ്ഥാന സർക്കാരിന് തലവേദനായിരുന്നു. അതിനു പിന്നാലെയാണ് പുതിയ ആരോപണം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..