ചെന്നൈ : കഴിഞ്ഞയാഴ്ച നടന്ന പാർട്ടി ജനറൽ കൗൺസിൽ യോഗത്തിലെ തീരുമാനങ്ങളുടെ പേരിൽ എ.ഐ.എ.ഡി.എം.കെ. നേതൃത്വത്തിനെതിരേ കോടതി അലക്ഷ്യഹർജി. ജനറൽ കൗൺസിൽ അംഗമായ ഷൺമുഖമാണ് മദ്രാസ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. നേരത്തേ നിശ്ചയിച്ച 23 പ്രമേയങ്ങളിൽ ഒഴികെ മറ്റൊരു വിഷയത്തിലും തീരുമാനമെടുക്കരുതെന്ന കോടതി ഉത്തരവിലെ വ്യവസ്ഥ ലംഘിച്ചുവെന്നാണ് എടപ്പാടി പളനിസ്വാമി പക്ഷത്തിനെതിരായ കോടതി അലക്ഷ്യ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ജൂൺ 23-ന് ചെന്നൈക്ക് സമീപം വാനഗരത്തിൽ ജനറൽ കൗൺസിൽ യോഗം ചേരാൻ അനുമതിനൽകിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് മുമ്പ് നിശ്ചയിച്ച പ്രമേയങ്ങളിൽ ഒഴികെ മറ്റ് വിഷയങ്ങളിൽ തീരുമാനം വിലക്കിയത്. എന്നാൽ പ്രസീഡിയം ചെയർമാനെ തിരഞ്ഞെടുത്തതും ഒറ്റ നേതൃത്വം സംബന്ധിച്ച് ആലോചിക്കാൻ വീണ്ടും കൗൺസിൽ യോഗം വിളിച്ചു ചേർക്കാൻ തീരുമാനിച്ചതും കോടതി ഉത്തരവിന് എതിരായ നടപടിയാണെന്ന് ഹർജിയിൽ ആരോപിക്കുന്നു. കോടതി ഉത്തരവിന് വിരുദ്ധമായി തീരുമാനമൊന്നും എടുത്തിട്ടില്ലെന്നാണ് എടപ്പാടി പളനിസ്വാമി പക്ഷത്തിന്റെ വാദം. പ്രസീഡിയം ചെയർമാന്റെ തിരഞ്ഞെടുപ്പ് സാധാരണ നടപടിയാണ്. അടുത്ത കൗൺസിൽ നടത്തുന്നത് പുതിയ വിഷയത്തിലെ തീരുമാനമായി കാണാൻ സാധിക്കില്ലെന്നും പളനിസ്വാമി പക്ഷം വിശദീകരിക്കുന്നു. ജനറൽ കൗൺസിൽ യോഗം നടത്താൻ പാടില്ലെന്ന് ആവശ്യപ്പെട്ട് കോടതിയെ ആദ്യം സമീപിച്ചതും ഷൺമുഖം അടക്കമുള്ള ചിലരായിരുന്നു. സിംഗിൾ ബെഞ്ച് ആവശ്യം നിരസിച്ചതോടെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയതും പനീർശെൽവത്തെ അനുകൂലിക്കുന്ന ഷൺമുഖമാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..