ചെന്നൈ : ഓൺലൈൻ റമ്മിയും ചൂതാട്ടങ്ങളും നിരോധിക്കുന്നതിനുള്ള ഓർഡിനൻസ് സംസ്ഥാന സർക്കാർ ഉടൻ പുറപ്പെടുവിക്കും. ഓൺലൈൻ ചൂതാട്ടവും അതിനെ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങളും നിരോധിക്കണമെന്ന ജസ്റ്റിസ് ചന്ദ്രു സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്.
ഓൺലൈൻ റമ്മിയുടെ അപകടങ്ങളെക്കുറിച്ചും അത് സമൂഹത്തിലുണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട സമിതി തിങ്കളാഴ്ചയാണ് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്. ഓൺലൈൻ ഗെയിമുകൾകൊണ്ട് പ്രയോജനമൊന്നുമില്ലെന്നും ഓൺലൈൻ ചൂതാട്ടങ്ങൾ ഒട്ടേറെ സാമൂഹിക പ്രശ്നങ്ങൾക്കു വഴിവെക്കുന്നുണ്ടെന്നും സമിതി റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ഓൺലൈൻ റമ്മി പോലുള്ള ചൂതാട്ടങ്ങളും അതിനെ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങളും നിരോധിക്കണമെന്നാണ് സമിതിയുടെ ശുപാർശ. രാജ്യവ്യാപകമായി നിരോധനം കൊണ്ടുവരുന്നതിന് നിയമനിർമാണത്തിന് കേന്ദ്ര സർക്കാരിനുമേൽ സമ്മർദം ചെലുത്തണമെന്ന നിർദേശവും റിപ്പോർട്ടിലുണ്ട്.
തിങ്കളാഴ്ച വൈകീട്ടുചേർന്ന മന്ത്രിസഭായോഗം റിപ്പോർട്ട് ചർച്ചചെയ്തെങ്കിലും തീരുമാനമൊന്നുമെടുത്തിട്ടില്ല. വിവിധ തലങ്ങളിൽ ചർച്ചകൾ നടത്തിയശേഷമേ ഓർഡിനൻസ് പുറപ്പെടുവിക്കാനാകൂ എന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഓൺലൈൻ ചൂതാട്ടം നിരോധിച്ചുകൊണ്ട് എ.ഐ.എ.ഡി.എം.കെ. സർക്കാർ 2020-ൽ ഓർഡിനൻസ് പുറപ്പെടുവിച്ചിരുന്നെങ്കിലും അത് മദ്രാസ് ഹൈക്കോടതി റദ്ദാക്കുകയാണുണ്ടായത്.
മതിയായ തയ്യാറെടുപ്പുകൂടാതെ കൊണ്ടുവന്ന ഓർഡിനൻസ് പഴുതുകൾ നിറഞ്ഞതാണെന്നും ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുള്ളതാണെന്നും ചൂണ്ടിക്കാണിച്ചായിരുന്നു അത്. ഇതിനെതിരേ സംസ്ഥാനസർക്കാർ സുപ്രീംകോടതിയിൽ നൽകിയ അപ്പീൽ ഇതുവരെ വാദത്തിനെടുത്തിട്ടില്ല. ഇതിലുള്ള നിയമനടപടി വേഗത്തിലാക്കണമെന്ന നിർദേശവും ജസ്റ്റിസ് ചന്ദ്രു സമിതിയുടെ റിപ്പോർട്ടിലുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..