ചെന്നൈ : സംസ്ഥാനത്ത് ക്ഷേത്രങ്ങളുടെ ഭൂമി പലരും അനധികൃതമായി കൈയേറുമ്പോൾ ദേവസ്വംവകുപ്പ് ഉറങ്ങുകയാണെന്ന് മദ്രാസ് ഹൈക്കോടതി. തിരുവള്ളൂർ ജില്ലയിലെ പൊന്നേരിയിലെ ക്ഷേത്രത്തിന്റെ കൈയേറിയ 18.2 ഏക്കർ സ്ഥലം തിരിച്ചുപിടിക്കുന്നതിനുള്ള ഉത്തരവ് നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച കോടതി അലക്ഷ്യ ഹർജി പരിഗണിക്കുമ്പോഴാണ് പരാമർശം.
ദേവസ്വംവകുപ്പിലെ ഉദ്യോഗസ്ഥർ മാസം തോറും ശമ്പളം വാങ്ങുന്നുണ്ടെങ്കിലും അവരുടെ ജോലിചെയ്യാൻ താത്പര്യം കാട്ടുന്നില്ലെന്നും ചീഫ്ജസ്റ്റിസ് മുനീശ്വർനാഥ് ഭണ്ഡാരിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അഭിപ്രായപ്പെട്ടു. കൈയേറ്റം തടയാൻ നടപടിയെടുക്കേണ്ടവരാണ് ദേവസ്വം ഉദ്യോഗസ്ഥർ. എന്നാൽ ഇവർ എന്താണ് ചെയ്യുന്നതെന്ന് കോടതി ചോദിച്ചു. ക്ഷേത്രങ്ങളുടെ ഉടമസ്ഥതിയിലുള്ള 1100 ഏക്കർ സ്ഥലം കഴിഞ്ഞ ഒരു വർഷം തിരിച്ചുപിടിച്ചുവെന്ന് സർക്കാർ അഭിഭാഷകൻ അറിയിച്ചു.
50 വർഷംകൊണ്ട് കൈയേറിയ ഭൂമിയാണിതെന്ന് ചൂണ്ടിക്കാട്ടിയ കോടതി കൈയേറ്റം നടക്കുമ്പോൾത്തന്നെ എന്തുകൊണ്ട് തടയുന്നില്ലെന്ന് ചോദിച്ചു. ക്ഷേത്രഭൂമി കൈയേറ്റം സംബന്ധിച്ച് ഒട്ടേറെ കേസുകളാണ് ഇപ്പോൾ കോടതി മുമ്പാകെ എത്തുന്നത്. ദേവസ്വം വകുപ്പ് ശരിയായി പ്രവർത്തിക്കാത്തതിനാലാണ് കൈയേറ്റം നടക്കുകയും കേസുകളുണ്ടാകുകയും ചെയ്യുന്നത്. കേസ് കോടതിയിലെത്തി വിധിയുണ്ടാകുമ്പോൾ മാത്രമാണ് ദേവസ്വംവകുപ്പ് നടപടിയെടുക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. പൊന്നേരിയിലെ ക്ഷേത്രത്തിന്റെ ഭൂമി തിരിച്ചുപിടിക്കുന്നത് സംബന്ധിച്ച് എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശിച്ച കോടതി ഹർജി നാലാഴ്ചയ്ക്കുശേഷം പരിഗണിക്കുമെന്ന് അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..