ചെന്നൈ : ലോക ചെസ് ഒളിമ്പ്യാഡിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിലെ താരങ്ങൾക്കുള്ള പരിശീലനക്യാമ്പ് ജൂലായ് 10-ന് ആരംഭിക്കും. ലോക ചെസ് ചാമ്പ്യൻ വിശ്വനാഥൻ ആനന്ദിന്റെ നേതൃത്വത്തിൽ മഹാബലിപുരത്താണ് പരിശീലനം. മത്സരത്തിൽ പങ്കെടുക്കുന്ന 75 ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റേഴ്സിൽ 24 പേരും തമിഴ്നാട്ടിൽനിന്നുള്ളവരാണ്. പരിശീലനം ജൂലായ് 20-ന് സമാപിക്കും. ജൂലായ് 28 മുതൽ ഓഗസ്റ്റ് 10 വരെ ചെന്നൈയ്ക്കടുത്ത് വിനോദസഞ്ചാര കേന്ദ്രമായ മഹാബലിപുരത്താണ് ചെസ് ഒളിമ്പ്യാഡ് വേദി. ഇരുനൂറോളം രാജ്യങ്ങളിൽനിന്നായി രണ്ടായിരത്തോളം താരങ്ങൾ മത്സരത്തിൽ പങ്കെടുക്കും.
ആദ്യമായാണ് ലോക ചെസ് ഒളിമ്പ്യാഡിന് ഇന്ത്യ വേദിയാകുന്നത്. മോസ്കോയിൽ നടത്താനിരുന്ന ഒളിമ്പ്യാഡ് യുക്രൈൻ യുദ്ധത്തെത്തുടർന്നാണ് അന്താരാഷ്ട്ര ചെസ് ഫെഡറേഷൻ (ഫിഡെ) ഇന്ത്യയിലേക്കു മാറ്റിയത്. തമിഴ്നാട് സർക്കാർ ആതിഥ്യം ഏറ്റെടുക്കുകയായിരുന്നു.2013-ലെ ലോക ചെസ് ചാമ്പ്യൻഷിപ്പിനു ശേഷം ഇന്ത്യയിൽ നടക്കുന്ന രണ്ടാമത്തെ പ്രധാന അന്താരാഷ്ട്ര മത്സരമാണിത്.
തമിഴ്നാട് അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെടും -സ്റ്റാലിൻ
ചെന്നൈ: ചെസ് ഒളിമ്പ്യാഡിലൂടെ തമിഴ്നാട് അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെടുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. അടുത്ത മാസം മഹാബലിപുരത്തു നടക്കുന്ന ഒളിമ്പ്യാഡ് തമിഴ്നാടിനെ സംബന്ധിച്ചിടത്തോളം മികച്ച ബഹുമതിയാണ്. ലോകമെമ്പാടുമുള്ള 2500-ലധികം താരങ്ങളും പരിശീലകരും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചെന്നൈയിലെ ഒരു ചടങ്ങിൽ സ്റ്റാലിൻ പറഞ്ഞു.
ചെസ് ഒളിമ്പ്യാഡ് കടന്നു വരുന്നതോടെ തമിഴ്നാട് അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന സംസ്ഥാനമായി മാറാൻ പോവുകയാണ്. ഒളിമ്പ്യാഡിന് സംസ്ഥാന സർക്കാർ 92.13 കോടി രൂപയാണ് അനുവദിച്ചതെന്നും അദ്ദേഹം അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..