ചെന്നൈ : ഡെങ്കിപ്പനി വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തുടനീളം മെഡിക്കൽ ക്യാമ്പുകൾ നടത്താൻ പൊതുജനാരോഗ്യ വകുപ്പിന്റെ നിർദേശം. ഡെങ്കിപ്പനി നിയന്ത്രിക്കാൻ ഓരോ ജില്ലയിലും മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാന പൊതുജനാരോഗ്യവകുപ്പ് ഡയറക്ടർ സെൽവ വിനായകം ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാർക്ക് സർക്കുലർ അയച്ചിട്ടുള്ള കോവിഡ് വ്യാപനത്തിനിടയിൽ ഡെങ്കിപ്പനിയും ഭീഷണി ഉയർത്തുന്നത് ജനങ്ങളെ ആശങ്കയിലാക്കുന്നുണ്ട്. കുറച്ചുദിവസമായി ഇടവിട്ടുള്ള മഴയിൽ പലയിടങ്ങളിലും വെള്ളം കെട്ടിനിൽക്കുന്നുണ്ട്. ഇത് കൊതുകുകൾ പെരുകാൻ ഇടയാക്കുന്നു. വരും മാസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതും രോഗഭീഷണി ഉയർത്തുന്നു.
കൊതുകുനിവാരണത്തിനുള്ള നടപടികൾ കാര്യക്ഷമമാക്കാനും അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. ജനങ്ങൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പുവരുത്തണം. സമീപജില്ലകളിലും അയൽ സംസ്ഥാനങ്ങളിലും ഡെങ്കിപ്പനി വ്യാപകമായതിനാൽ സ്വകാര്യ-സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നവരുടെ വിവരം ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നും സർക്കുലറിൽ പറയുന്നു. രോഗ വ്യാപനം കൂടിയാൽ വീടുവീടാന്തരമുള്ള ആരോഗ്യ പരിശോധനയും മരുന്നുവിതരണവും നടത്തും. ഓരോ പ്രദേശത്തെയും രോഗവ്യാപ്തി കണ്ടെത്തി പ്രതിരോധ നടപടികൾ ഊർജിതമാക്കാനാണ് തീരുമാനം. ഈഡിസ് വിഭാഗം കൊതുകുകൾ പരത്തുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി.
മുൻകരുതൽ
ഈഡിസ് കൊതുകുകൾ പകൽസമയത്താണ് കടിക്കുന്നത്. അതിനാൽ ഈ സമയം കൊതുകുകടി ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം.
ശരീരം നന്നായി മൂടുന്ന വസ്ത്രങ്ങൾ ഉപയോഗിക്കുക. ഉറങ്ങുമ്പോൾ കൊതുകുവല ഉപയോഗിക്കുക.
പനി ബാധിച്ചവർ കൊതുകുവലയ്ക്കുള്ളിൽവേണം വിശ്രമിക്കാൻ. വീട്ടിനുള്ളിലും പരിസരത്തും കൊതുകിനെ നശിപ്പിക്കാൻ ശ്രദ്ധിക്കണം.
വലിച്ചെറിഞ്ഞ പാത്രങ്ങൾ, ചിരട്ടകൾ, മുട്ടത്തോട് തുടങ്ങി വെള്ളം കെട്ടിനിൽക്കുന്ന ഇടങ്ങളിൽ കൊതുക് വളരാം. അതിനുള്ള സാധ്യതകൾ ഒഴിവാക്കണം.
പൂച്ചെട്ടികൾക്കും പച്ചക്കറി നട്ടുവളർത്തുന്ന സ്ഥലത്തും ഫ്രിഡ്ജിനടിയിലും വെള്ളം നിൽക്കുന്ന ഇടങ്ങളിൽ കൊതുക് വളരുന്നില്ലെന്ന് ഉറപ്പാക്കുക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..