മൂന്ന് ഉപഗ്രഹങ്ങളുടെ വിക്ഷേപണം നാളെ


റോക്കറ്റിന്റെ ഒരുഭാഗംഭ്രമണപഥത്തിൽ തുടരും

ചെന്നൈ: സിങ്കപ്പൂരിന്റെ മൂന്ന് ഉപഗ്രഹങ്ങൾ ഇന്ത്യൻ ബഹിരാകാശ ഗവേഷണസംഘടന (ഐ.എസ്.ആർ.ഒ) വ്യാഴാഴ്ച ഭ്രമണപഥത്തിലെത്തിക്കും. പി.എസ്.എൽ.വി.സി-53 റോക്കറ്റ് ഉപയോഗിച്ചാണ് ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നത്. വിക്ഷേപണ വാഹനത്തിന്റെ മുകൾഭാഗം ബഹിരാകാശ പര്യവേക്ഷണങ്ങൾക്കുള്ള ചെറുനിലയമായി ഭ്രമണപഥത്തിൽ തുടരുമെന്നതാണ് ഈ ദൗത്യത്തിന്റെ സവിശേഷത.

ഐ.എസ്.ആർ.ഒ.യുടെ വാണിജ്യവിഭാഗമായ ന്യൂ സ്‌പെയ്‌സ് ഇന്ത്യ ലിമിറ്റഡിന്റെ (എൻ.എസ്.ഐ.എൽ.) രണ്ടാമത്തെ ദൗത്യമാണ് വ്യാഴാഴ്ച നടക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിൽനിന്ന് വൈകീട്ട് ആറുമണിക്കാണ് വിക്ഷേപണം. കൗണ്ട് ഡൗൺ ബുധനാഴ്ച വൈകീട്ട് അഞ്ചുമണിക്ക് തുടങ്ങും.

സിങ്കപ്പൂരിനുവേണ്ടി കൊറിയയിൽ നിർമിച്ച ഡി.എസ്.-ഇ.ഒ. ഉപഗ്രഹവും ന്യൂസാർ ഉപഗ്രവുമാണ് പി.എസ്.എൽ.വി.യിലെ പ്രധാന പേടകങ്ങൾ. സിങ്കപ്പൂരിലെ നാന്യാങ് ടെക്‌നോളജിക്കൽ സർവകലാശാലയുടെ സ്‌കൂബ് വൺ ഉപഗ്രഹവും ഇതോടൊപ്പം വിക്ഷേപിക്കും. ആദ്യ ഉപഗ്രഹത്തിന് 365 കിലോഗ്രാമും രണ്ടാമത്തേതിന് 155 കിലോഗ്രാമുമാണ് ഭാരം. സർവകലാശാലയുടെ ഉപഗ്രഹത്തിന് 2.8 കിലോഗ്രാമാണ് ഭാരം

നാലുഘട്ടങ്ങളുള്ള പി.എസ്.എൽ.വി. സി-53 റോക്കറ്റിന് 44.4 മീറ്റർ നീളമാണുള്ളത്. ആദ്യ മൂന്നു ഘട്ടങ്ങൾ എരിഞ്ഞടങ്ങുമെങ്കിലും അവസാനഭാഗം ഭ്രമണപഥത്തിൽ തുടരും. ചെറിയ പര്യവേക്ഷണ ഉപകരണങ്ങളെ വഹിക്കുന്ന ബഹിരാകാശ നിലയമായി ഇതിനെ ഉപയോഗിക്കാനാണ് പദ്ധതി. ബഹിരാകാശ ഗവേഷണ രംഗത്തെ പുതുതലമുറക്കാരായ ദിഗന്ധരയുടെയും ധ്രുവ് എയ്‌റോസ്‌പെയ്‌സിന്റെയും രണ്ട് ഉപകരണങ്ങൾ ഉൾപ്പെടെ ആറ് പര്യവേക്ഷണ പേടകങ്ങളാണ് ഇതിൽ സ്ഥാപിക്കുക. വിക്ഷേപണ വാഹനത്തെ തുടർന്നും ഉപയോഗിക്കാനുള്ള പദ്ധതി ഐ.എസ്.ആർ.ഒ.യുടെ ചരിത്രത്തിൽ മറ്റൊരു നാഴികക്കല്ലാവും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..