ശനിയാഴ്ച ചെന്നൈയിലെത്തിയ ദ്രൗപദി മുർമുവിന് എടപ്പാടി പളനിസ്വാമി പൂച്ചെണ്ട് സമ്മാനിക്കുന്നു. കേന്ദ്രമന്ത്രിമാരായ വി. മുരളീധരൻ, എൽ. മുരുഗൻ തുടങ്ങിയവർ സമീപം
ചെന്നൈ : എൻ.ഡി.എ.യുടെ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപദി മുർമു പ്രാദേശികപാർട്ടികളുടെ പിന്തുണതേടി ശനിയാഴ്ച തമിഴ്നാട്ടിലും പുതുച്ചേരിയിലുമെത്തി. ചെന്നൈയിൽ നക്ഷത്ര ഹോട്ടലിൽ ബി.ജെ.പി. നേതാക്കൾ അവർക്ക് സ്വീകരണം നൽകി.
മുൻ മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ. നേതാവുമായ എടപ്പാടി പളനിസ്വാമി പൂച്ചെണ്ടുനൽകി ഷാൾ അണിയിച്ചു. എ.ഐ.എ.ഡി.എം.കെ., ബി.ജെ.പി., പി.എം.കെ. തുടങ്ങിയ സഖ്യകക്ഷികളിലെ നേതാക്കളും നിയമസഭാംഗങ്ങളും മുർമുവിന് പിന്തുണ അറിയിച്ചു.
തമിഴ് മാനില കോൺഗ്രസ് അധ്യക്ഷൻ ജി.കെ. വാസനും എത്തിയിരുന്നു. എ.ഐ.എ.ഡി.എം.കെ.യിൽ ഒറ്റ നേതൃത്വത്തെച്ചൊല്ലിയുള്ള തർക്കം രൂക്ഷമായതിനാൽ പളനിസ്വാമിയും പനീർശെൽവവും വെവ്വേറെയാണ് മുർമുവിനെ കണ്ടത്.
പളനിസ്വാമിയും അനുയായികളും വേദിവിട്ടതിന് പിന്നാലെ പനീർശെൽവം മുർമുവിനെ കണ്ട് പിന്തുണ അറിയിക്കുകയായിരുന്നു. കേന്ദ്രമന്ത്രിമാരായ വി. മുരളീധരനും എൽ.മുരുഗനും മുർമുവിനെ അനുഗമിച്ചു. പിന്തുണ നൽകി വിജയിപ്പിക്കണമെന്ന് അഭ്യർഥിച്ച മുർമു ചരിത്രപ്രസിദ്ധമായ തമിഴ്നാട്ടിൽ വരാനായതിൽ സന്തോഷവും അറിയിച്ചു.
രാവിലെ പുതുച്ചേരിയിലെത്തിയ ദ്രൗപദി മുർമുവിനെ മുഖ്യമന്ത്രി എൻ. രംഗസാമിയും ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ വി. സാമിനാഥനും സ്വീകരിച്ചു. എൻ.ആർ. കോൺഗ്രസിലെയും ബി.ജെ.പിയിലെയും മന്ത്രിമാരും എം.എൽ.എമാരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..