രജനീകാന്ത് ഗവർണറുമായി കൂടിക്കാഴ്ച നടത്തി : രാഷ്ട്രീയവും ചർച്ചയായി


രാജ്ഭവനിലെത്തി ഗവർണർ ആർ.എൻ. രവിയുമായി നടൻ രജനീകാന്ത് കൂടിക്കാഴ്ച നടത്തുന്നു

ചെന്നൈ : ഡി.എം.കെ. സർക്കാരുമായി പോര് തുടരുന്ന തമിഴ്‌നാട് ഗവർണർ ആർ.എൻ. രവിയുമായി നടൻ രജനീകാന്ത് കൂടിക്കാഴ്ച നടത്തി. ഗവർണറുമായി രാഷ്ട്രീയം ചർച്ച ചെയ്തെന്നും ഇതേക്കുറിച്ച് വെളിപ്പെടുത്താൻ സാധിക്കില്ലെന്നും രജനി പറഞ്ഞു. രാഷ്ട്രീയത്തിലിറങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അവശ്യസാധനങ്ങൾക്ക് ജി.എസ്.ടി. ഏർപ്പെടുത്തിയതിനെക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായില്ല.

രാജ്ഭവനിൽ നടന്ന കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു. തമിഴ്‌നാടിന്റെ നന്മയ്ക്കും വളർച്ചയ്ക്കും വേണ്ടി എന്തുംചെയ്യാൻ തയ്യാറാണെന്ന് ഗവർണർ അറിയിച്ചതായി രജനീകാന്ത് പറഞ്ഞു. തമിഴ്‌നാട്ടിലെ ജനങ്ങളുടെ നിഷ്കളങ്കത അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. ആത്മീയകാര്യങ്ങളിൽ വലിയ താത്പര്യമുള്ള അദ്ദേഹവുമായി ഈ വിഷയത്തിലും സംസാരിച്ചെന്നും രജനി പറഞ്ഞു.

ദേശീയ വിദ്യാഭ്യാസനയമടക്കമുള്ള വിഷയങ്ങളിൽ ഗവർണറും സർക്കാരും തമ്മിൽ പോര് രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് രജനീകാന്തിന്റെ കൂടിക്കാഴ്ച. ഡൽഹിയിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാൻ രജനീകാന്തിന് ക്ഷണം ലഭിച്ചിട്ടുണ്ട്. കശ്മീർ വിഷയത്തിലടക്കം ബി.ജെ.പി. സർക്കാരിനെ പലതവണ രജനി പിന്തുണച്ചിരുന്നു.

രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ചപ്പോൾ ഉപദേശകനായി നിയോഗിച്ചത് ബി.ജെ.പി. ബൗദ്ധികവിഭാഗം സംസ്ഥാന നേതാവിനെയായിരുന്നു.

കോവിഡ് വ്യാപനവും ആരോഗ്യപ്രശ്നവും ചൂണ്ടിക്കാട്ടി രാഷ്ട്രീയപ്രവേശം ഉപേക്ഷിച്ച രജനി കുറച്ചുനാളായി രാഷ്ട്രീയവിഷയങ്ങളിൽനിന്ന് വിട്ടുനിൽക്കുകയാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..