ലോക ചെസ് ഒളിമ്പ്യാഡിന് ഇന്ന് സമാപനം


സമാപനച്ചടങ്ങ് ഇന്ന് ചെന്നൈയിൽ

ചെസ് ഒളിമ്പ്യാഡിന്റെ ഭാഗ്യചിഹ്നമായ തമ്പിയുടെ പ്രതിമകൾക്കുമുന്നിൽനിന്ന് സെൽഫിയെടുക്കുന്ന ബഹാമാസിൽ നിന്നുള്ള താരങ്ങൾ

ചെന്നൈ : ലോകരാജ്യങ്ങൾ മാറ്റുരച്ച ലോക ചെസ് ഒളിമ്പ്യാഡിന് ചൊവ്വാഴ്ച തിരശ്ശീലവീഴും. വൈകീട്ട് ആറിന് ചെന്നൈയിലെ ജവാഹർലാൽ നെഹ്രു ഇൻഡോർ സ്റ്റേഡിയത്തിലാണ് ചടങ്ങ്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോനി, ഇന്ത്യൻ ചെസ് താരം വിശ്വനാഥൻ ആനന്ദ്, അന്താരാഷ്ട്ര ചെസ് ഫെഡറേഷൻ പ്രസിഡന്റ് അർക്കാഡി ഡോർക്കോവിച്ച്, ഏഷ്യൻ ചെസ് ഫെഡറേഷൻ പ്രസിഡന്റ് ശൈഖ് സുൽത്താൻ ബിൻ ഖലീഫ അൽ നഹ്യാൻ, ഓൾ ഇന്ത്യ ചെസ് ഫെഡറേഷൻ പ്രസിഡന്റ് സഞ്ജയ് കപൂർ, ഭരത് സിങ് ചൗഹാൻ, കേന്ദ്രമന്ത്രിമാർ, സംസ്ഥാനമന്ത്രിമാർ തുടങ്ങിയവർ പങ്കെടുക്കും.

ഒളിമ്പ്യാഡിൽ പങ്കെടുത്ത എല്ലാ താരങ്ങളും പങ്കെടുക്കും. പരമ്പരാഗത തമിഴ് കലാപരിപാടികൾ ഒരുക്കിയിട്ടുണ്ട്.

താരങ്ങളെ സ്വീകരിക്കാൻ മഹാബലിപുരം മുതൽ നെഹ്രുസ്റ്റേഡിയംവരെ വിവിധ പരിപാടികളൊരുക്കും.

വൻജനാവലി പ്രതീക്ഷിക്കുന്നതിനാൽ കനത്തസുരക്ഷയും ഗതാഗതനിയന്ത്രണവും ഏർപ്പെടുത്തി. ജൂലായ് 28-ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ചെസ് ഒളിമ്പ്യാഡ് ഉദ്ഘാടനംചെയ്തത്.

തൊട്ടടുത്തദിവസം മഹാബലിപുരത്തിനടുത്ത് പൂഞ്ചേരിയിൽ മത്സരങ്ങൾ തുടങ്ങി. 200-ഓളം രാജ്യങ്ങളിൽനിന്നായി രണ്ടായിരത്തോളം താരങ്ങൾ മത്സരിച്ചു.

ചരിത്രത്തിലാദ്യമായാണ് ലോക ചെസ് ഒളിമ്പ്യാഡിന് ഇന്ത്യ വേദിയായത്.

മോസ്കോയിൽ മത്സരം നടത്താനാണ് തീരുമാനിച്ചിരുന്നത്. യുക്രൈനുമായുള്ള യുദ്ധത്തെത്തുടർന്ന് അന്താരാഷ്ട്ര ചെസ് ഫെഡറേഷൻ (ഫിഡെ) മത്സരം ഇന്ത്യയിലേക്കു മാറ്റുകയായിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..