75 വന്ദേഭാരത് വണ്ടികൾ അടുത്ത ഓഗസ്റ്റിൽ പുറത്തിറങ്ങുമെന്ന് റെയിൽവേ മന്ത്രി


വന്ദേ ഭാരത് തീവണ്ടിയുടെ കോച്ചിന്റെ ഉൾവശം റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് പരിശോധിക്കുന്നു

ചെന്നൈ : 75 വന്ദേ ഭാരത് തീവണ്ടികൾ 2023 ഓഗസ്റ്റ് 15-നുള്ളിൽ പുറത്തിറങ്ങുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. അതിനുശേഷം ഒരുവർഷത്തിനകം 400 വന്ദേ ഭാരത് തീവണ്ടികൾ പുറത്തിറക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. വന്ദേ ഭാരത് തീവണ്ടികളുടെ നിർമാണം നടക്കുന്ന പെരമ്പൂരിലെ ഇൻഗ്രൽ കോച്ച് ഫാക്ടറി(ഐ.സി.എഫ്.)യിൽ പൂർത്തിയായ കോച്ചുകളും യന്ത്രഭാഗങ്ങളും പരിശോധിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

75 വന്ദേ ഭാരത് തീവണ്ടികൾ അടുത്തവർഷം പുറത്തിറങ്ങിയാൽ രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ സർവീസ് ആരംഭിക്കാനാവും. എല്ലാ സംസ്ഥാനങ്ങളിലും വന്ദേ ഭാരത് വണ്ടികൾ സർവീസ് നടത്തും. 160 കിലോമീറ്റർ വേഗത്തിൽവരെ സഞ്ചരിക്കാനാവുന്ന വണ്ടികളാണിത്. ഐ.സി.എഫ്., കപുർത്തല കോച്ച് ഫാക്ടറി, റായ്ബറേലിയിലെ മേഡോൺ കോച്ച് ഫാക്ടറി എന്നിവിടങ്ങളിലെല്ലാം വന്ദേഭാരത് വണ്ടികളുടെ നിർമാണം നടക്കുന്നുണ്ട്. നിർമാണം പൂർത്തിയായവയുടെ പരീക്ഷണഓട്ടം ഉടനുണ്ടാകും.

എ.സി. ചെയർകാർ മാത്രമുള്ള തീവണ്ടികളും എ.സി. ബർത്തുകൾ മാത്രമുള്ള തീവണ്ടികളും നിർമിക്കുന്നുണ്ട്. പകൽയാത്രയ്ക്കുള്ള തീവണ്ടികളിൽ എ.സി. ചെയർകാറുകളും രാത്രിയാത്രയ്ക്കുള്ളവയിൽ ബർത്തുകളും മാത്രമാണുണ്ടാകുക.

നിലവിൽ ഡൽഹി-വാരാണസി റൂട്ടിലും ഡൽഹി-കാത്ര റൂട്ടിലുമാണ് വന്ദേഭാരത് തീവണ്ടികൾ ഇപ്പോൾ സർവീസ് നടത്തുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..