അന്താരാഷ്ട്ര പട്ടംപറത്തൽ മഹോത്സവം തുടങ്ങി


Caption

ചെന്നൈ : തമിഴ്നാട്ടിലെ മഹാബലിപുരത്ത് അന്താരാഷ്ട്ര പട്ടംപറത്തൽ മഹോത്സവത്തിന് തുടക്കമായി. തമിഴ്‌നാട് വിനോദസഞ്ചാരവകുപ്പിന്റെ നേതൃത്വത്തിലാണ് മൂന്ന് ദിവസത്തെ മഹോത്സവം നടക്കുന്നത്. അമേരിക്ക അടക്കം 10 വിദേശരാജ്യങ്ങളിൽ നിന്നുള്ള ടീമുകളും ഗുജറാത്ത്, ആന്ധ്ര, കർണാടക, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള ടീമുകളും പങ്കെടുക്കുന്നുണ്ട്. മഹാബലിപുരത്ത് തമിഴ്‌നാട് വിനോദസഞ്ചാരവകുപ്പിന്റെ ഓഷ്യൻവ്യൂ ഹോട്ടലിന് സമീപത്തെ കടൽത്തീരത്താണ് മഹോത്സവം.തിങ്കളാഴ്ച അവസാനിക്കും. പല രൂപത്തിലും നിറത്തിലുമുള്ള 150 ഓളം പട്ടങ്ങൾ പറത്തും. തമിഴ്‌നാട്ടിൽ ആദ്യമായാണ് അന്തരാഷ്ട്ര പട്ടം പറത്തൽ നടക്കുന്നത്. നിലവിൽ പ്രദർശനമായാണ് മഹോത്സവം നടത്തുന്നത്. അടുത്തവർഷങ്ങളിൽ മത്സരമാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് തമിഴ്‌നാട് വിനോദസഞ്ചാരവകുപ്പ് മന്ത്രി മതിവേന്ദൻ പറഞ്ഞു.

മഹാബലിപുരത്ത് ആവേശം വാനോളം

ചെന്നൈ : ചെസ് ഒളിമ്പ്യാഡിന് ചെക്ക് പറഞ്ഞിട്ടും മഹാബലിപുരത്ത് ആവേശം കുറയുന്നില്ല. കൗതുകക്കാഴ്ചകൾ ചരടുവലിക്കുന്ന അന്തരാഷ്ട്ര പട്ടംപറത്തൽ മഹോത്സവത്തെ വിനോദസഞ്ചാരികളും സ്വദേശികളും നെഞ്ചിലേറ്റിക്കഴിഞ്ഞു. ആദ്യദിവസംതന്നെ ഒട്ടേറെപ്പേർ മഹോത്സവം കാണാനെത്തി. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി ത്രിവർണപ്പട്ടങ്ങളും പ്രദർശനത്തിൽ ഇടംനേടി.

യു.എസ്.എ., തായ്‌ലാൻഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽനിന്നും ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളിൽനിന്നുള്ളവരും മേളയിൽ പട്ടംപറത്താനെത്തിയിട്ടുണ്ട്. ആകെ 15 ടീമുകളാണ് പങ്കെടുക്കുന്നത്. വിദേശടീമുകളിൽ ഒരോന്നിലും 10 പേരോളമുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള ടീമുകളിൽ 10-ൽ കൂടുതൽ പേരുണ്ട്. പത്തിലേറെ പട്ടങ്ങളുമായെത്തിയ ടീമുകളുണ്ട്.

ഒരോദിവസവും പലതരത്തിലുള്ള പട്ടങ്ങളാണ് പറത്തുന്നത്. 10 അടി മുതൽ 25 അടി വരെ വലുപ്പമുള്ള പട്ടങ്ങളുണ്ട്. കടലിൽനിന്നുള്ള കാറ്റിൽ ഉയർന്നുപൊങ്ങുന്ന പട്ടങ്ങൾ നൈലോൺ ചരടുകളിൽ ബന്ധിച്ചിരിക്കുകയാണ്. മണൽനിറച്ച വലിയ ചാക്കുകളിലാണ് ഈ ചരടുകൾ കെട്ടിയിട്ടിരിക്കുന്നത്. അതിശക്തമായ കാറ്റിൽ ഉയരുന്നതിനൊപ്പം കാറ്റിന്റെ ഗതിമാറുമ്പോൾ പട്ടങ്ങൾ വീഴുന്നതും കാണാം. കുട്ടികളെ ആകർഷിക്കുന്നതിന് കാർട്ടൂൺ കഥാപാത്രങ്ങളുടെ രൂപത്തിലുള്ള പട്ടങ്ങളുണ്ട്.

പുഷ്പകവിമാനം, സാന്താക്ലോസ്, ഡ്രാഗൺ തുടങ്ങിയ രൂപങ്ങളുള്ള പട്ടങ്ങൾ ആദ്യദിവസം പറത്തി. കേരളത്തിൽനിന്നുള്ള ടീമുകൾ പങ്കെടുക്കുന്നില്ലെങ്കിലും മംഗളൂരുവിൽനിന്നുള്ള ടീം കഥകളിരൂപത്തിലുള്ള പട്ടംപറത്തിയത് മലയാളസാന്നിധ്യമായി. പട്ടംപറത്തൽ കാണാൻ മലയാളികളായ സന്ദർശകരുമെത്തുന്നുണ്ട്. ഇത്രവിപുലമായി നടത്തുന്ന പട്ടംപറത്തൽമേള ആദ്യമായി കാണുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് താംബരത്ത് താമസിക്കുന്ന വടകരസ്വദേശിയായ സുദീപ് കുമാർ പറഞ്ഞു. കുട്ടികൾക്കും തങ്ങൾക്കും വലിയ ആവേശമായെന്ന് സുദീപിന്റെ ഭാര്യ രശ്മി പറഞ്ഞു. ഗുജറാത്തിലൊക്കെ നടക്കുന്ന പട്ടംപറത്തൽ മേളകൾ ടി.വി.യിൽ കണ്ടിട്ടുണ്ട്. ഇപ്പോൾ നേരിട്ടുകാണുന്നത് പുതിയ അനുഭവമാണെന്നും ഇവർ പറഞ്ഞു.

ഇന്ത്യയിൽ നടക്കുന്ന മേളയിൽ പങ്കെടുക്കുന്നതിൽ സന്തോഷമാണെന്ന് തായ്‌ലാൻഡ് ടീമിൽ ഉൾപ്പെട്ട യു.എസ്.എ. സ്വദേശിയായ മാൽബ്രൂക്ക് പറഞ്ഞു. തായ്‌ലാൻഡ് സ്വദേശിയായ ഭാര്യയ്ക്കൊപ്പമാണ് ഇദ്ദേഹം പട്ടംപറത്തൽ മഹോത്സവത്തിൽ പങ്കെടുക്കാനെത്തിയത്. എട്ടംഗടീമാണ് തായ്‌ലാൻഡിൽനിന്നെത്തിയത്.

തമിഴ്‌നാട് വിനോദസഞ്ചാരവകുപ്പിന്റെ ഓഷ്യൻവ്യൂ ഹോട്ടലിനുസമീപം 13 ഏക്കറോളം വരുന്ന മണൽപ്പരപ്പിലാണ് മഹോത്സവം നടക്കുന്നത്. രാവിലെ 11 മുതൽ വൈകുന്നേരംവരെയാണ് പട്ടംപറത്തുന്നത്. അതിനുശേഷം ആറുമുതൽ ഒമ്പതുവരെ കലാസന്ധ്യ അരങ്ങേറും. ശനിയാഴ്ച തൈക്കുടം ബ്രിഡ്ജിന്റെ സംഗീതപരിപാടിയുണ്ടായിരുന്നു. ഞായറാഴ്ച നിത്യശ്രീ, ആനന്ദ് അരവിന്ദാക്ഷൻ, ദിവാകർ എന്നിവരുടെ സംഗീതപരിപാടി അരങ്ങേറും. അവസാനദിവസം നാടൻകലാവിരുന്നുണ്ട്.

12 വയസ്സുവരെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ് മുതിർന്നവരുടെ ടിക്കറ്റിന് 200 രൂപയാണ് നിരക്ക്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..