തീവണ്ടി എൻജിൻ കാബിനുകളിൽ ശൗചാലയമില്ല


ചെന്നൈ : ദക്ഷിണ റെയിൽവേയിൽ തീവണ്ടി എൻജിനുകളിൽ ശൗചാലയമില്ലെന്ന് വിവരാവകാശരേഖ. മറ്റ് സോണുകളിൽ ഏതാനും തീവണ്ടികളിൽ പരീക്ഷണാടിസ്ഥാനത്തിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ദക്ഷിണ റെയിൽവേയിൽ നടപടിയായില്ല.

ദീർഘദൂര തീവണ്ടികളിലെ എൻജിൻ കാബിനുകളിലെ ശൗചാലയങ്ങളെക്കുറിച്ച് പാണ്ഡിയരാജന് ലഭിച്ച വിവരാവകാശരേഖയിലാണ് ഇക്കാര്യം. ലോക്കോപൈലറ്റുമാരുടെ തുടർച്ചയായുള്ള ആവശ്യത്തെത്തുടർന്ന് 2019-ൽ എൻജിൻ കാബിനിൽ ശൗചാലയം സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, ഇതിനുള്ള നടപടി ഇഴഞ്ഞുനീങ്ങുകയാണ്.

ഇതുവരെ രാജ്യത്ത് 120 തീവണ്ടികളിലെ എൻജിൻ കാബിനുകളിൽ ശൗചാലയം സ്ഥാപിച്ചിട്ടുണ്ട്. ഈസ്റ്റ് കോസ്റ്റ് റെയിൽവേയിൽ 28-ഉം സൗത്ത് സെൻട്രൽ റെയിൽവേയിൽ 27-ഉം സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ 26-ഉം ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ 16-ഉം സെൻട്രൽ റെയിൽവേയിൽ 15-ഉം തീവണ്ടികളിൽ വീതം ശൗചാലയം സ്ഥാപിച്ചു. സൗത്ത് ഈസ്റ്റ്, നോർത്ത് ഈസ്റ്റ് റെയിൽവേ സോണുകളിലും ഏതാനും തീവണ്ടികളിൽ ശൗചാലയങ്ങളുണ്ട്. ദക്ഷിണ റെയിൽവേയിൽ ഒരു എൻജിൻ കാബിനിൽപ്പോലും ശൗചാലയം സ്ഥാപിച്ചിട്ടില്ലെന്ന് വിവരാവകാശരേഖയിൽ പറയുന്നു. ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് 300 കിലോമീറ്ററിൽ കൂടുതൽ സർവീസ് നടത്തുന്ന തീവണ്ടികളുടെ എൻജിൻ കാബിനിൽ ശൗചാലയം സ്ഥാപിക്കണമെന്നാണ് ലോക്കോ പൈലറ്റുമാരുടെ ആവശ്യം. ശൗചാലയമില്ലാത്തതിനാൽ പല ലോക്കോ പൈലറ്റുമാർക്കും മൂത്രാശയരോഗങ്ങൾ പിടിപെടുന്നുവെന്ന പരാതിയും ഏറെയാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..