തമിഴ്നാട് ഓപ്പൺ സർവകലാശാല പരീക്ഷയിൽ ആൾമാറാട്ടം : ബി.ജെ.പി. ജില്ലാപ്രസിഡന്റടക്കം മൂന്നുപേർ അറസ്റ്റിൽ


ചെന്നൈ : തമിഴ്‌നാട് ഓപ്പൺ സർവകലാശാല ബിരുദ പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ കേസിൽ ബി.ജെ.പി. ജില്ലാപ്രസിഡന്റ് അടക്കം മൂന്നുപേർ അറസ്റ്റിൽ. ബി.ജെ.പി. തിരുവാരൂർ ജില്ലാപ്രസിഡന്റ് എസ്. ഭാസ്കർ, പ്രാദേശിക നേതാവ് രമേഷ്, ദിവാകരൻ എന്നിവരാണ് അറസ്റ്റിലായത്.

പൊളിറ്റിക്കൽ സയൻസിൽ ബിരുദ കോഴ്‌സിലെ അവസാന വർഷ പരീക്ഷയിൽ ഭാസ്കറിനുപകരം ദിവാകരൻ പരീക്ഷ എഴുതാൻ എത്തിയപ്പോൾ പിടിയിലാകുകയായിരുന്നു.

പരീക്ഷ എഴുതാൻ എത്തിയത് ഹാൾടിക്കറ്റിലെ ചിത്രത്തിലുള്ള ആളല്ലെന്ന സംശയത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആൾമാറാട്ടം പുറത്തായത്. കായിക അധ്യാപകപരിശീലനം പൂർത്തിയാക്കിയ ദിവാകരൻ ഹോട്ടൽ നടത്തിവരുകയായിരുന്നു. ഇയാൾക്ക് ഭാസ്കറുമായി നേരിട്ട് ബന്ധമുണ്ടായിരുന്നില്ല. രമേഷ് മുഖേനയാണ് ആൾമാറാട്ടം നടത്തി പരീക്ഷ എഴുതാൻ ധാരണയായത്.

തിരുവാരൂർ സർക്കാർ കോളേജിൽ പരീക്ഷ എഴുതുമ്പോൾ നിരീക്ഷണത്തിന് എത്തിയ അധ്യാപകർക്കാണ് സംശയം തോന്നിയത്.

പരീക്ഷാസൂപ്രണ്ട് അറിയിച്ചതിനെത്തുടർന്ന് എത്തിയ പോലീസിന്റെ ചോദ്യംചെയ്യലിലാണ് ദിവാകരൻ ആൾമാറാട്ടം നടത്തിയത് സമ്മതിച്ചത്.

ഇയാളിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ രമേഷിനെ ചോദ്യംചെയ്തു. ഇവരുടെ അറസ്റ്റിനു പിന്നാലെ ഭാസ്കറും പിടിയിലായി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..